കോഴിക്കോട്: മിഠായിത്തെരുവിൽ വൻ സുരക്ഷ ഭീഷണിയുണ്ടെന്നും അപകടം സംഭവിച്ചാൽ കോർപറേഷൻ ഉത്തരവാദിയാണെന്നുമുള്ള പൊലീസ് റിപ്പോർട്ട് ഗൗരവമായി കാണണമെന്ന് ചാലിയാർ സംയുക്ത സമരസമിതി സെക്രട്ടറി പി.കെ.എം. ചേക്കുവും ദേശീയ വിവരാവകാശ കൂട്ടായ്മ സംസ്ഥാന ഘടകം കോഓഡിനേറ്റർ കെ.വി. ഷാജിയും വാർത്തസമ്മേളനത്തിൽ പറഞ്ഞു. പൈതൃക പട്ടികയിൽപെട്ട മിഠായിതെരുവിലെ വഴിയോര കച്ചവടം വൻസുരക്ഷ ഭീഷണി ഉയർത്തുന്നതായി സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ തയാറാക്കിയ റിപ്പോർട്ടിലുണ്ട്. കോർപറേഷൻ സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് നോട്ടീസ് അയച്ചിട്ടുമുണ്ട്. മിഠായി തെരുവിനകത്ത് നടപ്പാതയിൽ നടന്നുവരുന്ന കച്ചവടം പ്രകൃത്യാലോ മനുഷ്യപ്രവൃത്തിയാലോ ദുരന്തം സംഭവിച്ചാൽ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാവുമെന്നാണ് പ്രധാന മൂന്നറിയിപ്പ്. രക്ഷാപ്രവർത്തനങ്ങൾക്ക് എത്തേണ്ട ആംബുലൻസ്, ഫയർ ആൻഡ് റസ്ക്യൂ വാഹനങ്ങൾ, പൊലീസ് വാഹനങ്ങൾ എന്നിവക്ക് അകത്ത് പ്രവേശിക്കാൻ കച്ചവടം തടസ്സമാണെന്നും ദുരന്തമുണ്ടായാൽ വലിയ തോതിലുള്ള ജീവഹാനിയും നാശങ്ങളും സംഭവിക്കാൻ വഴിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ ദുരന്തമുണ്ടായാൽ അതിന് കോർപറേഷൻ സെക്രട്ടറിയും ഉത്തരവാദിയാണെന്ന മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്.
പൊതുപ്രവർത്തകനായ പി.കെ.എം. ചേക്കു ഇതുസംബന്ധിച്ച് സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയെ തുടർന്നാണ് ടൗൺ പൊലീസ് മിഠായിതെരുവിൽ പരിശോധന നടത്തിയത്. അംഗപരിമിതർക്കും സ്ത്രീകൾക്കും തെരുവിലൂടെ സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ട്. പി.കെ.എം. ചേക്കു പരാതിയിൽ ഉന്നയിച്ച കാര്യങ്ങളേക്കാൾ ഗൗരവമായ കണ്ടെത്തലുകളാണ് പൊലീസ് അന്വേഷണത്തിൽ പുറത്തുവന്നത്. പലതവണ അഗ്നിബാധയുണ്ടായി ജീവഹാനിയും നാശനഷ്ടങ്ങളും ഉണ്ടായ സ്ഥലമാണ് മിഠായിതെരുവ്. മിഠായിതെരുവിലെ പാതയോര കച്ചവടം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമീഷൻ, ദുരന്തനിവാരണ സമിതി ചെയർമാനായ ജില്ല കലക്ടർ, കോർപറേഷൻ സെക്രട്ടറി എന്നിവർക്കും പി.കെ.എം. ചേക്കു പരാതി നൽകിയിരുന്നു. ആ പരാതികളിൽ നടപടിയുണ്ടായില്ല.
അതേസമയം, കോർപറേഷൻ സെക്രട്ടറി സംസ്ഥാന മനുഷ്യാവകാശ കമീഷന് നൽകിയ മറുപടിയിൽ മിഠായിതെരുവിൽ ഒരുവിധ പ്രശ്നങ്ങളും ഇല്ല എന്നാണ് വ്യക്തമാക്കുന്നത്. പൊലീസുമായും ജനങ്ങളുമായും പലതവണ പാതയോര കച്ചവടക്കാർ സംഘർഷമുണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യത്തിന് പൊലീസ് കേസുകൾ എടുത്തിട്ടുമുണ്ട്. ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചാണ് കോർപറേഷൻ മനുഷ്യാവകാശ കമീഷന് മറുപടി നൽകിയത്.
രാഷ്ട്രീയ ഇടപെടലാണ് ഇതിനു പിന്നിലുള്ളത്. മിഠായിതെരുവിന്റെ നവീകരണത്തിനു ശേഷം അവിടെ കച്ചവടം നടത്തിയിരുന്ന പാതയോര കച്ചവടക്കാരെ മറ്റു സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിക്കണം എന്ന നിർദേശങ്ങളെ മറികടന്ന് 102 പേർക്ക് ഇവിടെതന്നെ കച്ചവടം നടത്താൻ കോർപറേഷൻ അനുമതി നൽകുകയായിരുന്നു. ഇതിൽ, 53 എണ്ണവും സി.ഐ.ടി.യുവിനാണ് നൽകിയതെന്ന് കോർപറേഷൻ നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നു. ഐ.എൻ.ടി.യു.സി- 19, എ.ഐ.ടി.യു.സി -11, എച്ച്.എം.എസ് -11, എസ്.ടി.യു -8 എന്നിങ്ങനെയാണ് കച്ചവട അവകാശം നൽകിയത്. എന്നാൽ, ഇത്തരത്തിൽ കച്ചവട അവകാശം നേടിയവരല്ല യഥാർഥത്തിൽ പാതയോരങ്ങളിൽ കച്ചവടം നടത്തുന്നത്.
ഇത്തരത്തിലുള്ള കച്ചവട അവകാശം നേടിയവർ ആ അവകാശം ടെക്സ്റ്റൈൽസ് ഉടമകൾക്ക് മറിച്ചുവിറ്റതായും സൂചനകളുണ്ട്. ഇത്തരത്തിൽ പണം നൽകി വാങ്ങിയ അവകാശം മുൻനിർത്തി ടെക്സ്റ്റൈൽസ് ഉടമകൾതന്നെ പാതയോരത്തേക്ക് കച്ചവടം ഇറക്കിവെച്ച് യാത്രക്കാർക്ക് മാർഗതടസ്സം സൃഷ്ടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ടെന്നും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
യഥാർഥത്തിൽ കച്ചവട അവകാശം ലഭിച്ചവർ തന്നെയാണോ കച്ചവടം നടത്തുന്നതെന്നും അനുവദിക്കപ്പെട്ട സ്ഥലങ്ങളിൽ തന്നെയാണോ കച്ചവടം നടക്കുന്നതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി അനുമതി നൽകിയവരുടെ പട്ടികയും അനുവദിച്ച സ്ഥലവും അളന്നു തിട്ടപ്പെടുത്തി നൽകണമെന്നും പൊലീസ് കോർപറേഷൻ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൈതൃക പട്ടികയിൽ ഉൾപ്പെട്ട മിഠായിതെരുവിൽ ജനങ്ങളുടെ സുഗമമായ സഞ്ചാരം തടസ്സപ്പെടുത്തുകയും സുരക്ഷ ഭീഷണി ഉയർത്തുകയും ചെയ്യുന്ന പാതയോര കച്ചവടം അവസാനിപ്പിക്കണമെന്നും ഇവിടെ കച്ചവടം നടത്തുന്നവരെ മറ്റു സ്ഥലങ്ങൾ സജ്ജീകരിച്ച് പുനരധിവസിപ്പിക്കാൻ കോർപറേഷൻ തയാറാവണമെന്നും ആവശ്യപ്പെട്ട് നിയമനടപടികൾ സ്വീകരിക്കുമെന്നും ഇരുവരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.