പേരാമ്പ്ര : ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ. ടി. രാധ നിര്യാതയായതോടെ ഭരണ സമിതിയിലെ കക്ഷി നില ഇരു മുന്നണികൾക്കും തുല്യമായിരുന്നു. അതുകൊണ്ട് തന്നെ 15ാം വാർഡിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് എൽ.ഡി.എഫിനും യു.ഡി.എഫിനും നിർണായകമാണ്.
15ാം വാർഡിൽ ആർക്കും വ്യക്തമായ മേൽകൈ ഇല്ല. ഇ. ടി. രാധയുടെ ജനകീയത സി.പി.ഐക്ക് അവിടെ വിജയിക്കാൻ സഹായകരമായിരുന്നു. 11 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ശ്രീലേഖ പയ്യത്തിനെ പരാജയപ്പെടുത്തിയത്. രാധക്ക് 590 വോട്ട് ലഭിച്ചപ്പോൾ ശ്രീലേഖ 579 വോട്ടാണ് നേടിയത്. 2010 ലെ തെരഞ്ഞെടുപ്പിൽ ശ്രീലേഖ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തതായിരുന്നു. ഇടത് സഹയാത്രികയായിരുന്ന ഇവർ മുസ്ലിം ലീഗ് സ്വതന്ത്രയായാണ് മത്സരിച്ച് വിജയിച്ചത്. യു. ഡി.എഫിലെ ധാരണ പ്രകാരം അവർ 2014 - 15 ൽ പ്രസിഡന്റാവുകയും ചെയ്തു. എന്നാൽ 2015 ലെ തെരഞ്ഞെടുപ്പിൽ വീണ്ടും ജനവിധി തേടിയ ശ്രീലേഖയെ 42 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി.പി.എമ്മിലെ കെ. കുഞ്ഞികൃഷ്ണൻ പരാജയപ്പെടുത്തി. 2020 ൽ മുസ്ലിം ലീഗ് ഇവർക്ക് മൂന്നാമതും അവസരം നൽകിയപ്പോൾ രാധയോട് 11 വോട്ടിനും കീഴടങ്ങി.
എൽ.ഡി.എഫിന് ഭരണം നിലനിർത്തണമെങ്കിൽ 15-ാം വാർഡ് നിലനിർത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ അതിന് വലിയ കടമ്പകളാണ് മുന്നിലുള്ളത്. അതിൽ ഏറ്റവും പ്രധാന പ്രശ്നം ചെറുവണ്ണൂർ പഞ്ചായത്തിൽ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ഭിന്നതയാണ്. എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പദം സി.പി.ഐക്ക് നൽകിയത്. എന്നാൽ പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവറെ മാറ്റുന്നത് സംബന്ധിച്ച് ഇരു പാർട്ടികളും തമ്മിൽ കടുത്ത ഭിന്നത ഉടലെടുത്തു.
പന്നി മുക്ക് - ആവള റോഡ് ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ റോഡ് ഉപരോധ സമരം നടത്തിയപ്പോൾ സി.പി.എമ്മുമായുണ്ടായ തർക്കം അടിപിടിയിൽ കലാശിക്കുകയും ചെയ്തു. മറ്റൊരു ദിവസം രാത്രി എ.ഐ.വൈ എഫ് നേതാവിനെ സി.പി.എം പ്രവർത്തകർ മർദ്ദിക്കുകയും ഉണ്ടായി. ചെറുവണ്ണൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സി.പി.ഐയും എൽ.ജെ.ഡിയും സി.പി.എമ്മിനെതിരെ നോമിനേഷൻ കൊടുത്ത സാഹചര്യവും ഉണ്ടായി. നിലവിലുണ്ടായിരുന്ന സീറ്റ് പോലും സി.പി.ഐക്ക് നൽകിയില്ല. ഇപ്പോൾ ബാങ്കിൽ മുഴുവൻ സീറ്റും സി.പി.എമ്മിനാണ്. ഈ സാഹചര്യത്തിൽ സി.പി.ഐ സ്ഥാനാർഥിക്ക് വേണ്ടി സി.പി.എം അണികൾ പൂർണമായും രംഗത്തിറങ്ങുമോ എന്ന ഭയം നേതൃത്വത്തിനുണ്ട്. സി.പി.ഐക്ക് സ്ഥാനാർഥിയായി എസ്.സി വനിതയെ കണ്ടെത്തേണ്ടതുണ്ട്. സീറ്റ് ജനറൽ വനിതയാണെങ്കിലും എസ്. സി വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർഥിയെ നിർത്തി വിജയിപ്പിച്ചാൽ മാത്രമാണ് പ്രസിഡന്റ് പദം സി.പി.ഐക്ക് ലഭിക്കുകയുള്ളൂ.
സി.പി.ഐ വനിതാ നേതാവിന്റെ പരാതിയിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗവും ഒൻപതാം വാർഡ് മെംബറുമായ കെ. പി. ബിജുവിനെതിരെ സി.പി.എം അച്ചടക്ക നടപടിയെടുത്തതും പ്രതിപക്ഷം പ്രചാരണ വിഷയമാക്കും. വാർഡ് തിരിച്ചു പിടിക്കാമെന്ന ആത്മവിശ്വാസം യു.ഡി.എഫിനുണ്ടെങ്കിലും സ്ഥാനാർഥി നിർണയമെല്ലാം കാര്യക്ഷമമായി നടത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ ജയമെളുപ്പമല്ല. സീറ്റ് മുസ്ലിം ലീഗിനാണെങ്കിലും മൂന്ന് തവണയും ലീഗ് സ്വന്തം സ്ഥാനാർഥിയെ നിർത്താതെ സ്വതന്ത്രനെയാണ് പരീക്ഷിച്ചത്. ഇത്തവണയും സ്വതന്ത്രനെ പരീക്ഷിക്കാനുള്ള നീക്കമാണ് യു.ഡി.എഫ് നടത്തുന്നത്. 15-ാം വാർഡിൽ വിജയിക്കുന്നവർ പഞ്ചായത്ത് ഭരിക്കുമെന്നതു കൊണ്ട് ഇരു മുന്നണികളും തങ്ങളുടെ ആവനാഴിയിലെ അസ്ത്രങ്ങൾക്ക് മൂർച്ഛ കൂട്ടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.