മീഞ്ചന്ത: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കാറിനകത്തുണ്ടായിരുന്ന രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. അരീക്കാട് ഭാഗത്തുനിന്ന് ബൈപാസ് വഴി നഗരത്തിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. മീഞ്ചന്തക്കും തിരുവണ്ണൂരിനുമിടയിൽ ഇന്നലെ ഉച്ചയോടുകൂടിയാണ് കാർ നടുറോഡിൽ കത്തിയമർന്നത്. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ മുൻഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ കാർ റോഡരികിൽ നിർത്തി യാത്രക്കാരായ രണ്ടുപേരും ഉടൻ പുറത്തിറങ്ങിയത് ദുരന്തം ഒഴിവാകാൻ സഹായകമായി.
നിമിഷനേരംകൊണ്ട് കാറിന്റെ സിംഹഭാഗവും കത്തിയമർന്നു. ഷോർട്ട് സർക്യൂട്ട് ആവാം തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. നല്ലളം നെല്ലിവീട്ടിൽ അനീസിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. മീഞ്ചന്ത അഗ്നിരക്ഷ സ്റ്റേഷൻ ഓഫിസർ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ വി.പി. അജയൻ, ഫയർ റസ്ക്യൂ ഓഫിസർമാരായ ഡബ്ല്യു.എസ്. അനിൽ, വി.കെ. അനൂപ്, പി. അനൂപ്, ജിഗേഷ്, ഒ.കെ. പ്രജിത്ത്, ബൈജുരാജ്, ഹോം ഗാർഡ്മാരായ റഹീഷ്, സന്തോഷ് എന്നിവരും ചേർന്നാണ് തീയണച്ചത്. പന്നിയങ്കര എസ്.ഐ കിരൺ ശശിധരന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.