കോഴിക്കോട്: എടക്കാട്ട് കനോലി കനാലിലേക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. കാർ ഓടിച്ചിരുന്ന അന്നശ്ശേരി എടക്കര സ്വദേശി എം.കെ. സന്തോഷ് കുമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സീറ്റ് ബെൽറ്റിട്ടത് രക്ഷയായെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് അപകടം. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. എലത്തൂർ ഭാഗത്തുനിന്ന് ടൗണിലേക്ക് പോകുന്ന വഴിയിൽ കാറിന്റെ സ്റ്റിയറിങ് സ്റ്റെക്കായി നിയന്ത്രണം വിട്ട് കാർ കനാലിലേക്ക് മറിയുകയായിരുന്നു.
ഈ ഭാഗത്ത് കൈവരികൾ ഇല്ലാത്തതിനാൽ കാർ നേരെ കനാലിനുള്ളിലേക്ക് വീണു. അപകട ശബ്ദം കേട്ട് സമീപവാസിയായ ഉണ്ണികൃഷ്ണനും മകനും ചേർന്ന് കനാലിലിറങ്ങി സന്തോഷ് കുമാറിനെ രക്ഷപ്പെടുത്തുകയായിരുന്നു. കനാലിൽ വെള്ളം കുറവായിരുന്നു. മുക്കാൽ ഭാഗത്തോളം കാർ കനാലിൽ താഴ്ന്നുപോയി. കാറിന്റെ മുൻവശം പൂർണമായി തകർന്നു.
വെള്ളിമാട്കുന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി. ക്രെയിൽ ഉപയോഗിച്ച് കാർ കരക്കെത്തിച്ചു. കനോലി കനാലിന്റെ പല ഭാഗങ്ങളിലും കൈവരിയില്ലാത്തത് അപകടങ്ങൾ സൃഷ്ടിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.