കോഴിക്കോട്: തൊഴിലിന്റെ കാര്യത്തിലുൾപ്പെടെ യുവജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ‘പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങൾ’ എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി മുതലക്കുളത്ത് സംഘടിപ്പിച്ച യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോടിക്കണക്കിന് തൊഴിൽ ലഭ്യമാക്കുമെന്ന് പറഞ്ഞവർ യുവജനങ്ങളെ വഞ്ചിച്ച് പല മേഖലയിലും കരാർ വത്കരണമടക്കം നടപ്പാക്കിയിരിക്കുകയാണ്. രാജ്യത്തെ യുവജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയാണ്. ഇതിന്റെ നിരക്ക് ഓരോ വർഷവും കൂടിക്കൂടി വരുകയാണ്.
എൽ.ഡി.എഫ് സർക്കാർ 1.60 ലക്ഷം പേർക്കാണ് സർക്കാർ ജോലി ലഭ്യമാക്കിയത്. മാത്രമല്ല പൂട്ടിക്കിടന്ന പല പൊതുമേഖല സ്ഥാപനങ്ങളും തുറന്ന് രാജ്യത്തിനുതന്നെ മാതൃകയായ പ്രവർത്തനങ്ങളാണ് കേരളസർക്കാർ നടത്തുന്നത്. തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടക്കുന്നത് കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഒന്നൊന്നായി തകർക്കുകയാണ്. അതിന്റെ ഭാഗമായി കലാപങ്ങളും വിഭാഗീയതയും മത വർഗീയതയും പലഭാഗത്തും ഉണ്ടാവുന്നു. പാഠപുസ്തകങ്ങളിൽനിന്ന് ഗാന്ധി വധം ഉൾപ്പെടെ കേന്ദ്രം ഒഴിവാക്കപ്പെട്ടു. കെ -റെയിൽ കേരളത്തിന് അനിവാര്യമാണെന്നും വന്ദേ ഭാരത് ട്രെയിനിന് കെ റെയിലിന്റെ ബദലാകാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജില്ല പ്രസിഡന്റ് എൽ.ജി. ലിജീഷ് അധ്യക്ഷത വഹിച്ചു. എം. വിജിൻ എം.എൽ.എ, കെ.എം. സചിൻദേവ് എം.എൽ.എ, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, കെ.പി. രാമനുണ്ണി, കെ.കെ. ലതിക, എസ്.കെ. സജീഷ്, കെ.കെ. ദിനേശൻ, പി.സി. ഷൈജു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.