കോഴിക്കോട്: ഡോക്ടർമാരുടെ വീഴ്ചമൂലം ശസ്ത്രക്രിയോപകരണം വയറ്റിൽ കുടുങ്ങി ദുരിതമനുഭവിച്ച ഹർഷിനയെ വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി വീട്ടിൽ സന്ദർശിച്ചു. തിങ്കളാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് പന്തീരാങ്കാവിലെ വീട്ടിലെത്തിയത്. നീതി തേടി ഏഴു ദിവസം മെഡി. കോളജ് പരിസരത്ത് സമരം നടത്തിയ ഹർഷിനയോട് കമീഷൻ വിവരങ്ങൾ ആരാഞ്ഞു.
സംഭവത്തിൽ വനിത കമീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്ന് അറിയിച്ചതായി ഹർഷിന പറഞ്ഞു. അർഹമായ നഷ്ടപരിഹാരവും നിയമപരിരക്ഷയും നൽകുന്ന കാര്യത്തിൽ വനിത കമീഷൻ കൂടെയുണ്ടാവുമെന്നും അധ്യക്ഷ ഉറപ്പുനൽകി. വയറ്റിൽ കത്രികയുമായി, കഴിഞ്ഞ അഞ്ചുവർഷം താൻ ജീവിച്ചതിന്റെ ദുരിതങ്ങളും കത്രിക പുറത്തെടുത്തശേഷം അധികൃതരിൽനിന്നനുഭവിച്ച അവഹേളനങ്ങളും സമരത്തിനിറങ്ങിയ പശ്ചാത്തലവുമെല്ലാം ഹർഷിന കമീഷനു മുമ്പാകെ വിവരിച്ചു.
രണ്ടാഴ്ചക്കകം നഷ്ടപരിഹാരം തരുമെന്നാണ് ആരോഗ്യമന്ത്രി നൽകിയ ഉറപ്പ്. ഇത് പാലിക്കപ്പെട്ടില്ലെങ്കിൽ സമരം തുടരുമെന്ന് ഹർഷിന പറഞ്ഞു. കോഴിക്കോട് മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിൽ വെച്ചാണ് വീഴ്ച സംഭവിച്ചതെന്ന് തനിക്കുറപ്പാണ്. സത്യം തെളിയുംവരെ പോരാട്ടം തുടരുമെന്നും ഹർഷിന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.