കോഴിക്കോട്: കോർപറേഷന്റെ ശുചീകരണ പദ്ധതിയായ വൺ ഡേ, വൺ ഹവർ, വൺ ആക്ഷൻ കാമ്പയിൻ പൂർത്തിയായി. ഒരുമാസം കൊണ്ട് മാലിന്യ സംസ്കരണത്തിലും നഗരം അഴകാക്കുന്നതിലും പുരോഗതിയുണ്ടായതായാണ് അധികൃതരുടെ വിലയിരുത്തൽ.
നടപടികൾ തുടരാനാണ് തീരുമാനം. പാതയോരങ്ങൾ, റെയിൽവേ സ്റ്റേഷൻ പരിസരം, ട്രാക്കുകൾ തുടങ്ങിയവയെല്ലാം വൃത്തിയാക്കി. തദ്ദേശമന്ത്രി ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മാലിന്യമുക്ത പ്രവർത്തനങ്ങൾ മികച്ചരീതിയിൽ നടത്തിയ വാർഡുകൾ, പൊതുസ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ എന്നിവർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചിരുന്നു. നഗരത്തിലെ റോഡുകൾ വൃത്തിയാക്കാനുള്ള കാമ്പയിൻ ഇതിന്റെ ഭാഗമായി നടന്നു. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായാണ് പ്രധാന റോഡുകൾ വൃത്തിയാക്കുന്നത്. റോഡ് വീതികൂട്ടുന്നതിനായി കെട്ടിടങ്ങൾ പൊളിച്ച ഭാഗങ്ങളിലെ മാലിന്യം ഇതിന്റെ ഭാഗമായി എടുത്തുമാറ്റി. റോഡരികിൽ അനധികൃതമായി പ്രവൃത്തിക്കുന്ന തട്ടുകടകളും എടുത്തുമാറ്റി.
പാതയോരങ്ങൾ സാധാരണ രീതിയിൽ അടിച്ചുവാരി വൃത്തിയാക്കുന്നതിന് പുറമെ കെട്ടിട അവശിഷ്ടങ്ങളും മറ്റും നീക്കി. 75 വാർഡുകളിലും റെസിഡന്റ്സ് അസോസിയേഷനുകളുടെയും മറ്റും ആഭിമുഖ്യത്തിൽ ശുചീകരണം നടന്നു. റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി കെട്ടിടം പൊളിച്ചുമാറ്റുന്ന കരാറുകാരെ കൊണ്ടുതന്നെ സാധനങ്ങൾ പരമാവധി റോഡരികിൽനിന്ന് നീക്കാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്. കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി, ഹെൽത്ത് ഓഫിസർ ഡോ. മുനവർ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ. കാമ്പയിനിന്റെ ഭാഗമായി ബീച്ചിൽ വിവിധയിടങ്ങളിൽ നാല് ബോട്ടിൽ ബൂത്തുകളും വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.