കുറ്റ്യാടി: ടൗണിൽ വയനാട് റോഡിൽ വൈദ്യുതി തൂൺ സ്ഥാപിച്ചത് നടപ്പാതയിൽ. വീതികുറഞ്ഞ റോഡിൽ ആളുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ നടപ്പാത മാത്രമാണ് ആശ്രയം. അതും നഷ്ടപ്പെടുത്തുന്ന രീതിയിലാണ് പാതയുടെ മധ്യത്തിൽ വീതികൂടിയ വൈദ്യുതി തൂൺ സ്ഥാപിച്ചത്. ഭാവിയിൽ ഓവുചാൽ വിപുലീകരിക്കുമ്പോൾ തൂൺ പാതയിൽനിന്ന് ഒഴിവാകും എന്നാണ് അധികൃതർ പറയുന്നത്. ഓവുചാൽ വിപുലീകരണത്തിനു മുമ്പേ തൂൺ സ്ഥാപിച്ച് കാൽനടയാത്ര മുടക്കുന്നതെന്തിനാണെന്നാണ് യാത്രക്കാരുടെ ചോദ്യം.
രണ്ടു വർഷം മുമ്പ് തുടങ്ങിയ ഓവുചാൽ നവീകരണം പാതിപോലുമായിട്ടില്ല. ഇഴഞ്ഞു നീങ്ങുന്ന പ്രവൃത്തി കാരണം കരാറുകാരനെ സർക്കാർ ഒഴിവാക്കിയിരുന്നു. തുടർന്ന് അദ്ദേഹം കോടതിയെ സമീപിച്ച് സർക്കാർ നടപടിക്ക് സ്റ്റേ വാങ്ങി. ഇപ്പോൾ ഓവുചാൽ പണിതീർക്കാത്ത നിലയിൽ അപകടാവസ്ഥയിലാണ്. ജല അതോറിറ്റി റോഡിന് ഇരു ഭാഗത്തും കുഴിയെടുത്ത് പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചതോടെ ഉഴുതുമറിച്ച നിലയിലാണ്. ഉള്ള വീതിയും നഷ്ടപ്പെട്ട റോഡിലൂടെ ഞെങ്ങിഞെരുങ്ങിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ബുധനാഴ്ച രാത്രി നടന്നുപോകുമ്പോൾ റോഡിൽ വീണയാളുടെ കൈയിൽ ലോറി കയറിയതായി വ്യാപാരികൾ പറഞ്ഞു. തളീക്കര സ്വദേശിയുടെ കൈക്കാണ് ഗുരുതര പരിക്കേറ്റത്. ഇതേ റോഡിൽ വൈദ്യുതിതൂൺ റോഡിലേക്ക് വളഞ്ഞതിനാൽ രണ്ടു വാഹനങ്ങൾക്ക് ഒരേ സമയം കടന്നുപോകാനാവാത്ത സ്ഥിതിയുമാണ്. മൂന്ന് സർക്കാർ വകുപ്പുകളും ചേർന്ന് ദുരിതം വിതക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.