കോഴിക്കോട്: നഗരം കേന്ദ്രീകരിച്ച് വാഹനങ്ങൾ മോഷ്ടിക്കുകയും മണിക്കൂറുകൾക്കകം പൊളിച്ച് വിൽപന നടത്തുന്ന സംഘത്തിലെ നാലുപേർ അറസ്റ്റിൽ. വെള്ളയിൽ ജോസഫ് റോഡിലെ കളിയാട്ട് പറമ്പിൽ കെ.പി. ഇക്ബാൽ (54), ചെങ്ങോട്ടുകാവ് സ്വദേശികളായ പാവർ വയലിൽ കെ.വി. യൂനസ് (38), കൊടക്കാടൻ കുനിയിൽ കെ.കെ. മണി (42), പ്രായപൂർത്തിയാവാത്ത വിദ്യാർഥി എന്നിവരെയാണ് നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.
മാർച്ച് 11ന് എരഞ്ഞിപ്പാലം സരോവരം ഭാഗത്ത് നിർത്തിയിട്ട പാസഞ്ചർ ഓട്ടോ കവർന്ന കേസിലാണ് പ്രതികൾ പിടിയിലായത്. വിവിധ സി.സി.ടി.വി കാമറ ദൃശ്യങ്ങളും നഗരത്തിലെ വാഹന പൊളി മാർക്കറ്റുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെകുറിച്ച് വിവരം ലഭിച്ചത്.
മോഷ്ടിച്ച വാഹനം വാങ്ങി പൊളിച്ച് വിൽപന നടത്തിയ മാർക്കറ്റിലെ കച്ചവടക്കാരനാണ് ഇക്ബാൽ. എൻജിൻ നമ്പറും ചേസ് നമ്പറും മായ്ച്ചാണ് വാഹനങ്ങൾ പൊളിച്ചുവിൽപന നടത്തുന്നത്. മുൻകാലങ്ങളിൽ മോഷണംപോയ വാഹനങ്ങൾ പലതും കണ്ടെത്താനാവാത്തതിനാൽ ഈ സംഘം പൊളിച്ച് വിൽപന നടത്തിയോ എന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്.
യൂനസിനെതിരെ മറ്റു ചില സ്റ്റേഷനുകളിൽ കേസുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു ജയിലിലേക്ക് മാറ്റി.
വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് മുമ്പാകെ ഹാജരാക്കി. സബ് ഇൻസ്പെക്ടർമാരായ ബിനു മോഹൻ, ബാബു പുതുശ്ശേരി, എൻ. പവിത്ര കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ് കുമാർ, ബബിത്ത് കുറിമണ്ണിൽ, വി. സന്ദീപ്, ഷിജിത്ത് നായർകുഴി, കെ.ടി. വന്ദന എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.