കോഴിക്കോട്: മഴതുടങ്ങി പകർച്ചവ്യാധി ഭീഷണി രൂക്ഷമായിരിക്കെ, കോഴിക്കോട് മെഡിക്കൽ കോളജിൽ മാലിന്യസംസ്കരണത്തിനുള്ള ഏക ഇൻസിനറേറ്ററും പണിമുടക്കി. ഇതോടെ മഴയിൽ മാലിന്യം ചീഞ്ഞ് ഒലിച്ച് ദുർഗന്ധം വമിക്കുകയാണ് മെഡിക്കൽ കോളജ് പരിസരം. ചികിത്സക്കെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും പകർച്ചവ്യാധികളുമായി തിരിച്ചുപോകേണ്ട ഗതികേടിലാണ്. പലവിധത്തിലുള്ള രോഗികൾക്ക് ഉപയോഗിച്ച സൂചി, സിറിഞ്ച്, മരുന്ന് കുപ്പികൾ എന്നിവ ഉൾപ്പെടെ പ്ലാസ്റ്റിക് കവറുകളിലാക്കി ആശുപത്രിയുടെ പല ഭാഗങ്ങളിലായി കെട്ടിവെച്ചിരിക്കുകയാണ്. മഴയാരംഭിച്ചതോടെ കെട്ടിവെച്ച ചാക്കുകെട്ടുകളിൽ വെള്ളം നിറഞ്ഞു. ഈ മലിനജലം പുറത്തേക്ക് ഒലിച്ച് ആശുപത്രി പരിസരത്ത് കൂടെ നടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ്.
മെഡിക്കൽ കോളജ് ആശുപത്രി, മാതൃശിശു സംരക്ഷണ കേന്ദ്രം, ചെസ്റ്റ് ആശുപത്രി പി.എം.എസ്.എസ്.വൈ ബ്ലോക്ക്, ഹോസ്റ്റൽ എന്നിവിടങ്ങളിൽനിന്നായി ആശുപത്രിയിൽ ദിവസം 4500-5000 കിലോ മാലിന്യമാണ് പുറന്തള്ളുന്നത്. ഇവയാണ് സംസ്കരിക്കാതെ കുമിഞ്ഞുകൂടുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇൻസിനറേറ്റർ പണിമുടക്കിയിട്ട് നാലു ദിവസമായി. മാതൃശിശു സംരക്ഷണകേന്ദ്രത്തിലേത് ഒന്നര മാസം മുമ്പ് തന്നെ പണിമുടക്കിയിരുന്നു. മഴ പെയ്തതോടെയാണ് മാലിന്യസംസ്കരണ പ്ലാന്റിന് സമീപത്തെ ഇൻസിനറേറ്ററിലെ പാനൽ ബോർജിനകത്ത് വെള്ളമെത്തി പ്രവർത്തനം മുടങ്ങാൻ കാരണം. ഇൻസിനറേറ്ററിന്റെ മേൽക്കൂരയിലെ ഇരുമ്പ് ഷീറ്റ് തുരുമ്പെടുത്തിട്ട് മാസങ്ങളായി. മഴ പെയ്തപ്പോൾ ഷീറ്റിലെ ദ്വാരങ്ങൾ വഴി വെള്ളം ചുമരിലൂടെ ഇറങ്ങി ഇലക്ട്രിക് പാനൽ ബോർഡിലെത്തിയാണ് ഇൻസിനറേറ്റർ തകരാറിലായത്. ഇതോടെ പ്ലാന്റ് സ്ഥാപിച്ച പാലക്കാട്ടെ കമ്പനി പ്രതിനിധികളെത്തി തകരാർ പരിഹരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇൻസിനറേറ്റർ വീണ്ടും തകരാറിലായി. മേൽക്കൂരയിലെ ഇരുമ്പു ഷീറ്റുകൾ മാറ്റി ചോർച്ച പരിഹരിച്ചാൽ മാത്രമേ പ്രതിസന്ധി പരിഹരിക്കപ്പെടുകയുള്ളൂ.
മേൽക്കൂരയിലെ ഷീറ്റുകൾ മാറ്റാൻ മാസങ്ങൾക്കു മുമ്പുതന്നെ അപേക്ഷിച്ചിട്ടും നടപടിയായിട്ടില്ല. കൊനാരി എന്ന സ്വകാര്യ കമ്പനിയാണ് മാലിന്യ സംസ്കരണ കരാർ എടുത്തിരിക്കുന്നത്. ദിവസവും 3000 കിലോ ഗ്രാം മാലിന്യമാണ് മെഡിക്കൽ കോളജ് പ്ലാന്റിനു സമീപത്തെ ഇൻസിനറേറ്ററിൽ സംസ്കരണത്തിനായി എത്തിക്കുന്നത്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഇൻസിനറേറ്റർ തകരാറിലായതിനാൽ അവിടെ നിന്നുള്ള മാലിന്യവും ഇവിടേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രിയുടെ പിറകുവശത്ത് ഭക്ഷണാവശിഷ്ടങ്ങളും മറ്റും കൂട്ടിയിട്ടതിനാൽ തെരുവുനായ്ക്കളുടെ സങ്കേതവുമാണ്. മാലിന്യക്കൂമ്പാരം ഗുരുതര ആരോഗ്യപ്രശ്നമുണ്ടാക്കുന്നതിനാൽ എത്രയും പെട്ടെന്ന് ഇൻസിനറേറ്റർ പ്രവർത്തനരഹിതമാക്കണമെന്നാണ് രോഗികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.