കോഴിക്കോട്: ജില്ലയിൽ എയ്ഡ്സ് രോഗികളുടെ എണ്ണം കുറയുന്നുവെന്ന് കണക്കുകൾ. ഈ വർഷം ഒക്ടോബർ 30 വരെയുള്ള കണക്കനുസരിച്ച് 84 പുതിയ രോഗികളെയാണ് കണ്ടെത്തിയത്. കഴിഞ്ഞ വർഷം 106 പുതിയ എയ്ഡ്സ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.
പൊതുജനങ്ങളിൽ നടത്തിയ പരിശോധനയിൽ 54, ഗർഭിണികളിൽ രണ്ട്, സ്വവർഗാനുരാഗികളിൽ 22, സിറിഞ്ചുപയോഗിച്ച് മയക്കുമരുന്ന് കുത്തിവെക്കുന്നവരിൽ ഒന്ന്, ട്രാൻസ്ജെൻഡറുകളിൽ മൂന്നും മറ്റുള്ളവരിൽ മൂന്ന് കേസുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
2000ത്തിലായിരുന്നു ലോകത്തെമ്പാടും എയ്ഡ്സ് കേസുകളിൽ വമ്പിച്ച വർധന രേഖപ്പെടുത്തിയത്. ഇന്ത്യയിലും സംസ്ഥാനത്തും 2000ത്തിൽ വലിയ വർധനയാണ് രേഖപ്പെടുത്തിയത്. തുടർന്നിങ്ങോട്ട് കേസുകൾ ക്രമേണ കുറഞ്ഞുവരുന്നതായാണ് കണ്ടുവരുന്നതെന്ന് ജില്ല എയ്ഡ്സ് കൺട്രോൾ മെഡിക്കൽ ഓഫിസർ ഡോ. നവ്യ ജെ. തൈക്കാട്ടിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
‘സമൂഹങ്ങൾ നയിക്കട്ടെ’ എന്നതാണ് ഇപ്രാവശ്യത്തെ എയ്ഡ്സ് ദിന സന്ദേശം. എച്ച്.ഐ.വി അണുബാധിതരെയും എയ്ഡ്സ് സാധ്യത കൂടിയ പാർശ്വവത്ക്കരിക്കപ്പെട്ടിട്ടുള്ള ലൈംഗിക ന്യൂനപക്ഷങ്ങളെയും മുൻനിരയിലെത്തിക്കുന്നതിനായി അസമത്വം ഇല്ലാതാക്കുകയും നിയമപരമായ സമത്വം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
സ്ത്രീ ലൈംഗിക തൊഴിലാളികൾ, പുരുഷ സ്വവർഗാനുരാഗികൾ, ദീർഘദൂര ട്രക്ക് ഡ്രൈവർമാർ, അന്തർ സംസ്ഥാന തൊഴിലാളികൾ തുടങ്ങി അണുബാധ്യത സാധ്യതയുള്ളവരിൽ നിരവധി സുരക്ഷാ പദ്ധതികളാണ് പ്രവർത്തിച്ചുവരുന്നത്.
എച്ച്.ഐ.വി ബാധിച്ച ഒരാളെക്കുറിച്ചുള്ള വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. കോടതി ഉത്തരവ് ഉണ്ടെങ്കിലോ ശരിയായ ചികിത്സ ഉറപ്പാക്കുന്നതിനോ ഒഴികെയുള്ള സാഹചര്യങ്ങളിലില്ലാതെ എച്ച്.ഐ.വി ബാധിതരുടെ വിവരങ്ങൾ പുറത്തുപറയാൻ അവകാശമില്ല.
എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ഐ.എം.എ, കെ.ജി.എം.ഒ.എ, ആരോഗ്യ പ്രവർത്തകർ എന്നിവരുമായി ഒത്തുചേർന്ന് ജില്ലയിൽ വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. നവംബർ 30ന് മൂന്നിന് ബീച്ചിൽ ഹോളി ക്രോസ് കോളജ് വിദ്യാർഥികളും നാലിന് ആസ്റ്റർ മിംസ് വിദ്യാർഥികളും ഫ്ലാഷ് മോബ് അവതരിപ്പിക്കും.
ഡിസംബർ ഒന്നിന് രാവിലെ 9.15ന് എരഞ്ഞിപ്പാലം മുതൽ സിവിൽ സ്റ്റേഷൻ വരെ ബോധവത്കരണ റാലി സംഘടിപ്പിക്കും. 10.15ന് ജില്ല ആസൂത്രണ ഓഫിസ് കോൺഫറൻസ് ഹാളിൽ മാജിക് ഷോയും സെമിനാറും മറ്റ് കലാപരിപാടികളും അരങ്ങേറും. രണ്ടിന് ജില്ല സാക്ഷരത മിഷൻ ആഭിമുഖ്യത്തിൽ പ്രബന്ധ മത്സരം നടക്കും. വൈകീട്ട് ആറരക്ക് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ മെഴുകുതിരി തെളിക്കലും സംഘടിപ്പിക്കും.
ജില്ലയിലെ ഗ്രാമ പഞ്ചായത്തുകൾ, ജില്ല സാക്ഷരത മിഷൻ, കുടുംബശ്രീ, നാഷനൽ ഹെൽത്ത് മിഷൻ, നെഹ്റു യുവകേന്ദ്ര എന്നിവിടങ്ങളിൽ എയ്ഡ്സ് ദിന പ്രതിജ്ഞ നടക്കും. വാർത്തസമ്മേളനത്തിൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. രാജേന്ദ്രൻ, ഡോ. സി.കെ. ഷാജി, ഡോ. അഖിൽ, ടി. ഷാലിമ, പ്രിൻസ് എം. ജോർജ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.