കോഴിക്കോട്: നഗരത്തിൽ മൊത്തം 14504 നായ്ക്കളുള്ളതായി ഔദ്യേഗിക കണക്ക്. ഇതിൽ 1352 എണ്ണമൊഴിച്ച് ബാക്കിയുള്ളതെല്ലാം തെരുവു നായ്ക്കളാണ്. ഇവയിൽ 11686 എണ്ണത്തിനും വാക്സിൻ നൽകിക്കഴിഞ്ഞു. 10245 എണ്ണത്തിന് കഴിഞ്ഞ കൊല്ലം തന്നെ വാക്സിൻ നൽകിക്കഴിഞ്ഞതായും 1441 നായ്ക്കൾക്ക് ഈ കൊല്ലവും വാക്സിൻ നൽകിയെന്നാണ് കണക്ക്.
ഇതിൽ 9741 നായ്ക്കളെ വന്ധീകരിച്ചു കഴിഞ്ഞു. തെരുവു നായ ആക്രമണക്കേസുകൾ രൂക്ഷമായ സാഹചര്യത്തിൽ പ്രശ്നം ചർച്ചചെയ്യാൻ മാത്രമായുള്ള പ്രത്യേക നഗരസഭ കൗൺസിൽ യോഗം വ്യാഴാഴ്ച നടക്കും. രാമനാട്ടുകരയിൽ 470, കൊയിലാണ്ടിയിൽ 1143, വടകരയിൽ 690, ഫറോക്ക് 795, മുക്കം 2872, കൊടുവള്ളി 86, പയ്യോളി 762 എന്നിങ്ങനെയാണ് ജില്ലയിലെ മറ്റ് നഗരസഭയിലെ നായകളുടെ എണ്ണം.
ഔദ്യോഗിക കണക്കിനേക്കാൾ കൂടുതൽ നായ്ക്കൾ എല്ലാ നഗരങ്ങളിലുമുണ്ടാവുമെന്ന് കണക്കിൽനിന്ന് വ്യക്തമാണ്. പൂളക്കടവിൽ 2019ലാണ് കോഴിക്കോട് കോർപറേഷൻ എ.ബി.സി ആശുപത്രി ആരംഭിച്ചത്. ആശുപത്രിയുടെ വികസനത്തിനായി കോർപറേഷൻ പദ്ധതി തയാറാക്കിവരുകയാണ്.
കോർപറേഷൻ അധികൃതർ പിടികൂടുന്ന തെരുവു നായ്ക്കളെ വന്ധ്യംകരിച്ച് അതാത് സ്ഥലത്ത് തന്നെ കൊണ്ടുവിടുന്നതാണ് എ.ബി.സി പദ്ധതി.
പരിശീലനം ലഭിച്ചവരുടെ സഹായത്തോടെ തെരുവ് നായ്ക്കളെ പിടികൂടി ആശുപത്രിയിൽ എത്തിച്ച് വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്ത് മുറിവ് ഉണങ്ങിയ ശേഷം പ്രതിരോധ കുത്തിവെപ്പ് നൽകി പിടിച്ച സ്ഥലത്ത് തന്നെ വിടുകയും ഓരോ വർഷവും ഫീൽഡ് തലത്തിൽ പ്രതിരോധ കുത്തിവെപ്പുകൾ നടത്തി പേ വിഷബാധ നിർമാർജനം ചെയ്യുക എന്നതാണ് എ.ബി.സി. പദ്ധതിയുടെ ലക്ഷ്യം.
ആധുനിക സൗകര്യങ്ങളോടെ പൂർത്തീകരിച്ച എ.ബി.സി ഹോസ്പിറ്റലിന്‍റെ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി മുന്നോട്ടു കൊണ്ടുപോവാൻ ശമ്പളയിനത്തിൽ മാത്രം 65 ലക്ഷം രൂപയാണ് കോർപറേഷൻ ഈ വാർഷിക പദ്ധതിയിൽ വകയിരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.