കോഴിക്കോട്: എയർ പിസ്റ്റളും, എയർ റൈഫിളും ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിച്ചതോടെ ഇവ വാങ്ങുന്നതിനും കൈവശം വെക്കുന്നതിനും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന പൊലീസിന്റെ ആവശ്യം വീണ്ടും ചർച്ചയാകുന്നു. ചൊവ്വാഴ്ച തൃശൂർ വിവേകോദയം സ്കൂളിലെത്തി പൂർവവിദ്യാർഥി വെടിയുതിർത്തതോടെയാണ് എയർ ഗൺ നിയന്ത്രണം വീണ്ടും ചർച്ചയായത്. സാധാരണ തോക്കുകൾ കൈവശം വെക്കുന്നതിന് ലൈസൻസ് വേണം.
തെരഞ്ഞെടുപ്പ് കാലത്ത് ഇവ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഏൽപിക്കുകയും വേണം. എന്നാൽ സ്പ്രിങ് ആക്ഷനിലും പ്രഷർ മെക്കാനിസത്തിലും ചെറിയ മാറ്റങ്ങൾ വരുത്തിയാൽ സാധാരണ തോക്കുപോലെ ഉപയോഗിക്കാവുന്ന എയർ പിസ്റ്റളുകൾക്ക് ഈ നൂലാമാലകളൊന്നുമില്ല. ആളുകൾക്ക് തോക്കുകളെ കുറിച്ച് വലിയ അറിവില്ലാത്തതിനാൽ എയർ പിസ്റ്റൾ കാണിച്ച് ക്രിമിനൽ സംഘങ്ങൾക്ക് ഭീഷണിപ്പെടുത്താനുമാകും. ഇതെല്ലാമാണ് പലരേയും എയർഗൺ വാങ്ങുന്നതിന് പ്രേരിപ്പിക്കുന്നത്.
ഇന്ത്യൻ, ജർമൻ നിർമിത എയർ പിസ്റ്റളുകളും എയർ റൈഫിളുകളുമായി നാൽപതോളം ഇനങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇവക്ക് 2500 മുതൽ ഒരുലക്ഷം രൂപക്ക് മുകളിൽവരെയാണ് വില. കടകളിൽനിന്ന് വാങ്ങുമ്പോൾ തിരിച്ചറിയൽ രേഖയും വ്യക്തിഗത വിവരങ്ങളും നൽകണം. ഈ നിബന്ധന മറികടക്കാനും ആരാണ് തോക്ക് വാങ്ങിയതെന്ന് പിന്നീടുള്ള പരിശോധനയിൽ തിരിച്ചറിയാതിരിക്കാനും യുവാക്കളും കോളജ് വിദ്യാർഥികളുമടക്കം ഓൺലൈനായാണിപ്പോൾ എയർ ഗണ്ണുകൾ സ്വന്തമാക്കുന്നത്.
കുറ്റകൃത്യങ്ങൾ കൂടിയതോടെ നേരത്തെ പൊലീസ് തന്നെ എയർഗൺ വാങ്ങുന്നതിന് കടുത്ത നിയന്ത്രണങ്ങൾ വേണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കായികപ്രേമികൾ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നതോടെയാണ് ആവശ്യം നിരസിക്കപ്പെട്ടത്.
കോഴിക്കോട്ടെ ലോഡ്ജിൽ യുവാവ് സ്വയം വെടിവെച്ചതും ആലപ്പുഴയിൽ മധ്യവയസ്കനുനേരെ ആയൽവാസി വെടിയുതിർത്തതും മൂവാറ്റുപുഴയിൽ പ്രണയാഭ്യർഥന നിരസിച്ച യുവതിയെ തോക്കുചൂണ്ടി കാറിൽ തട്ടിക്കൊണ്ടുപോയതും പാനൂരിൽ കുടുംബവഴക്കിനെ തുടർന്ന് പിതാവ് മകനുനേരെ വെടിയുതിർത്തതും തൃശൂരിലെ ബീവറേജസിൽനിന്ന് മദ്യം നൽകാത്തതിന് നാൽവർ സംഘം തോക്കുചൂണ്ടിയതും വിവിധ ജില്ലകളിലെ ക്രിമിനൽ സംഘങ്ങളിൽനിന്ന് തോക്കുകൾ പിടിച്ചതുമടക്കം എയർ ഗൺ ഉപയോഗിച്ചുള്ള കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഈ വർഷം മാത്രം ഇരുപതോളം കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.
നേരത്തെ കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ തുരത്താനായിരുന്നു ആളുകൾ എയർ റൈഫിളുകൾ വാങ്ങിയത്. ഇപ്പോൾ സ്വർണക്കടത്ത് സംഘവും ‘സ്വർണം പൊട്ടിക്കൽ’ സംഘവും ലഹരിക്കടത്തുകാരും ക്വാട്ടേഷൻ സംഘങ്ങളും കത്തിയും കഠാരയും ഉപേക്ഷിച്ച് എയർ പിസ്റ്റളുകളാണിപ്പോൾ കൈവശം സൂക്ഷിക്കുന്നത്. ഇവ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് തടയിടാൻ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.