കോഴിക്കോട്: ജില്ല ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിൽ ടോക്കണെടുക്കാനും ബില്ലടക്കാനും രോഗികളുടെ കാത്തുനിൽപിന് പരിഹാരമായില്ല. ബുധനാഴ്ചയും രാവിലെ എട്ടു മണിക്കു വന്ന രോഗിക്ക് നാലു മണിക്കൂറിനുശേഷം ഉച്ചക്ക് 12.30ഓടെയാണ് ടോക്കൺ ലഭിച്ചത്. ഉച്ചക്ക് 12.30ന് ഒ.പി ടോക്കൺ സമയം കഴിയുമ്പോഴും ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്ന കെട്ടിടത്തിന് പുറത്ത് രോഗികളുടെ നീണ്ടവരി കാണാമായിരുന്നു.
മൂന്നു കൗണ്ടറുകളാണ് ഇവിടെ ഒ.പി ടോക്കൺ നൽകാനുള്ളത്. ദിനംപ്രതി എത്തുന്ന രോഗികളുടെ എണ്ണം 2000 കവിയുകയും രോഗികളുടെ വരി ആശുപത്രി കോമ്പൗണ്ടും കടന്ന് റോഡിൽ എത്തുന്നത് നിത്യസംഭവമായിട്ടും ഇതിന് പരിഹാരം കാണാൻ അധികൃതർ തയാറായിട്ടില്ല. രണ്ടര വർഷം മുമ്പ് ഉദ്ഘാടനംചെയ്ത ഒ.പി.ഡി ട്രാൻസ്ഫോർമേഷൻ ബ്ലോക്കിലേക്ക് ഒ.പി ടിക്കറ്റ് കൗണ്ടർ മാറ്റാൻ ആശുപത്രി അധികൃതർ തയാറാവാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
കെട്ടിടം സെമിനാറുകളും മറ്റു പരിപാടികളും നടത്താൻ ഉപയോഗിക്കുകയാണ്. പൂട്ടിയിട്ട ബ്ലോക്കിൽ രോഗികൾക്ക് ഇരിക്കാൻ സൗകര്യമുള്ളപ്പോഴാണ് രാവിലെ ആറുമുതൽ എത്തുന്ന രോഗികൾ ഇരിക്കാൻപോലും സൗകര്യമില്ലാതെ വലയുന്നത്. വിവിധ പരിശോധനകൾക്കുള്ള ബില്ലടക്കാൻ ആശുപത്രി വികസനസമിതിയുടെ ബില്ലിങ് കൗണ്ടറിലും വലിയ തിരക്കാണ്. ഇന്നലെ രാവിലെ മാത്രം 1700ലധികം രോഗികളാണ് ഒ.പി കൗണ്ടറിൽ എത്തിയത്.
ഡോക്ടർമാരില്ല; കാർഡിയോളജി വിഭാഗം പ്രതിസന്ധിയിലേക്ക്
കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് കാർഡിയോളജി, ഇ.എൻ.ടി, റേഡിയോ ഡയഗ്നോസിസ് വിഭാഗങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. കാർഡിയോളജി വിഭാഗത്തിൽ ആകെയുണ്ടായിരുന്ന രണ്ടു ഡോക്ടർമാരിൽ ഒരാൾ കഴിഞ്ഞ ദിവസം ദീർഘകാല അവധിയിൽ പോയതോടെ കാത്ത് ലാബിന്റെ പ്രവർത്തനംപോലും പ്രതിസന്ധിയിലാവുന്ന അവസ്ഥയാണ്.
വടകരയിൽനിന്ന് ഡെപ്യൂട്ടേഷനിൽ വന്ന് അസിസ്റ്റന്റ് സർജനായി ജോലിചെയ്തിരുന്ന ഡോക്ടർ ദീർഘകാല അവധിയിൽ പോയി. ഇനി മുതൽ ആഴ്ചയിൽ ഒരു ദിവസം മാത്രമേ കാർഡിയോളജി ഒ.പി ഉണ്ടാവൂ എന്നാണ് വിവരം. ഡോക്ടർമാർ കുറവായിരുന്നതിനാൽ ഇന്നലെ 125 പേർക്കാണ് ഇ.എൻ.ടിയിൽ ഒ.പി ടിക്കറ്റ് അനുവദിച്ചിരുന്നത്. എന്നാൽ, രോഗികൾ പ്രശ്നമുണ്ടാക്കിയതോടെ 15 പേർക്കുകൂടി ടിക്കറ്റ് അനുവദിക്കുകയായിരുന്നു. ഇ.എൻ.ടി മേധാവി മാസങ്ങൾക്കുമുമ്പ് വിരമിച്ചെങ്കിലും പകരം ആൾ ഇതുവരെ എത്തിയിട്ടില്ല.
സർക്കാർ ആശുപത്രികളിൽ രോഗികൾ ക്യൂ നിൽക്കേണ്ടിവരും -തോട്ടത്തിൽ രവീന്ദ്രൻ
കോഴിക്കോട്: സർക്കാർ ആശുപത്രികളിൽ സൗകര്യം കൂടിയതിനാൽ ആളുകൾ കൂടുതലായി വരുന്നുണ്ടെന്നും അതിനാൽതന്നെ ഡോക്ടറെ കാണാൻ ക്യൂ നിൽക്കേണ്ടിവരുമെന്നും തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. ബീച്ച് ആശുപത്രിയിൽ നവീകരിച്ച ഡി.എൻ.ബി ഹാളും ലൈബ്രറിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.എം.ഒ ഡോ. കെ.കെ. രാജാറാം അധ്യക്ഷത വഹിച്ചു.
ആർ.സി.എച്ച് ഓഫിസർ ഡോ. കെ.എം. സച്ചിൻ ബാബു, സൂപ്രണ്ട് ഡോ. ആശാദേവി, ഡി.പി.എം ഡോ. സി.കെ. ഷാജി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ടി. മോഹൻദാസ്, ഡോ. ബീന ഗോപാലകൃഷ്ണൻ, ഡോ. ടി.കെ. മുനവ്വർ റഹ്മാൻ, ഡോ. എ. മൃദുലാൽ, ആർ.എം.ഒ ഡോ. കെ. ഭാഗ്യരൂപ, ഡോ. ഹസീന കരീം. ഡോ. സുധീഷ്, ഡോ. വിജയൻ, ലേ സെക്രട്ടറി എ.വി. അഗസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.