കോഴിക്കോട്: 2025ഓടെ സംസ്ഥാനത്തെ സമ്പൂർണമായി മാലിന്യ മുക്തമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മാലിന്യമുക്തം നവകേരളം കാമ്പയിൻ പ്രവർത്തനങ്ങളുടെ ജില്ലതല സമിതി യോഗശേഷം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവർത്തനങ്ങളാണ് കാമ്പയിൻ കാലയളവിൽ സംഘടിപ്പിക്കുക. കാമ്പയിൻ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായതായും ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശുചിത്വ കാമ്പയിന്റെ ആദ്യഘട്ടമായി ജൂൺ അഞ്ചിനുമുമ്പ് വീടുകളിലും സ്ഥാപനങ്ങളിലും ഉറവിടത്തിൽത്തന്നെ മാലിന്യം സംസ്കരിക്കാനുള്ള സംവിധാനം പൂർത്തീകരിക്കും. തെരുവുകളിലും മറ്റു സ്ഥലങ്ങളിലും മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്യുകയും വേസ്റ്റ് ബിന്നുകൾ, മെറ്റീരിയൽ കലക്ഷൻ സൗകര്യം എന്നിവ ഏർപ്പെടുത്തുകയും ചെയ്യും.
മാലിന്യം നീക്കം ചെയ്യുന്ന സ്ഥലത്ത് പൂന്തോട്ടം ഉൾപ്പെടെ സ്ഥാപിച്ച് മനോഹരമാക്കും. ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തി മഴക്കാല പൂർവ ശുചീകരണത്തിന്റെ മുന്നോടിയായി നടക്കുകയാണ്. സർക്കാർ ഓഫിസുകളിലെ മാലിന്യവും ഇലക്ട്രോണിക് മാലിന്യവുമുൾപ്പെടെ ശുചീകരിക്കാൻ നിർദേശം നൽകി. ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യോഗങ്ങൾ പൂർത്തിയായി.
അജൈവ മാലിന്യ ശേഖരണത്തിനായി 2965 ഹരിതകർമ സേനാംഗങ്ങളെ നിയോഗിച്ചു. 2260 ഓടകൾ വൃത്തിയാക്കി. 13,036 വെള്ളക്കെട്ട് പ്രദേശങ്ങൾ കണ്ടെത്തി ശുചീകരിച്ചു. 554 മാലിന്യക്കൂമ്പാരങ്ങളിൽ 482 എണ്ണം പൂർണമായി നീക്കം ചെയ്തു. എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ സ്ഥാപനങ്ങൾ പരിശോധിക്കുന്നതായും പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം പിടിച്ചെടുത്ത് പിഴ ഈടാക്കുന്നതായും മന്ത്രി അറിയിച്ചു.
ജൂൺ അഞ്ചോടുകൂടി 100 ശതമാനം വീടുകളിലും ഹരിത കർമസേനകൾ ഡോർ ടു ഡോർ കലക്ഷൻ എടുക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളും വാർ റൂം പോർട്ടലിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യും. രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഒക്ടോബർ 30നുമുമ്പ് പൂർത്തീകരിക്കും.
രണ്ടാം ഘട്ടത്തിന് മുമ്പായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും എം.സി.എഫ് (മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി) സ്ഥാപിക്കും. മൂന്നാംഘട്ടം 2024 മാർച്ച് 30നുള്ളിൽ പൂർത്തീകരിക്കും. നിർമാണ മേഖലയിലെ മാലിന്യം സംസ്കരിക്കുന്നതിനുള്ള സംവിധാനം ജില്ലയിൽ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
എം.എൽ.എമാരായ ലിന്റോ ജോസഫ്, പി.ടി.എ. റഹീം, കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ, ജില്ല കലക്ടർ എ. ഗീത, തദ്ദേശ സ്വയംഭരണ ജോ. ഡയറക്ടർ പി.ടി. പ്രസാദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.