കോഴിക്കോട്: സ്റ്റോക്ക് തീർന്ന് ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങി ഒരുമാസം പിന്നിട്ടിട്ടും ജില്ല ജനറൽ (ബീച്ച്) ആശുപത്രിയിൽ സ്റ്റെന്റ് വാങ്ങാൻ നടപടിയില്ല. സ്റ്റെന്റ് ലഭ്യമല്ലാത്തതിനാൽ ആൻജിയോപ്ലാസ്റ്റി നിർത്തിവെച്ചിരിക്കുകയാണ്. പേരിന് ആൻജിയോഗ്രാം മാത്രമാണ് ബീച്ച് ആശുപത്രിയിലെ കാത്ത് ലാബിൽ നടക്കുന്നത്. വൈകാതെ അതും നിലച്ച് കാത്ത് ലാബ് അടക്കേണ്ടി വരുമെന്ന അവസ്ഥയിലാണ്. നിലവിൽ ആൻജിയോ പ്ലാസ്റ്റി ആവശ്യമായവരെ തീയതിപോലും നൽകാതെ തിരിച്ചയക്കുകയാണെന്ന് രോഗികൾ പറയുന്നു.
കഴിഞ്ഞ ഡിസംബർ 31 വരെ ലഭിക്കാനുള്ള കുടിശ്ശിക മൂന്നരക്കോടി കടന്നതോടെയാണ് വ്യാപാരികൾ സ്റ്റെന്റ് വിതരണം നിർത്തിയത്. കുടിശ്ശിക ലഭിച്ചില്ലെങ്കിൽ ഏപ്രിൽ ഒന്നുമുതൽ വിതരണം നിർത്തിവെക്കുമെന്ന് ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായില്ലെന്ന് വിതരണക്കാരുടെ പ്രതിനിധി നിധീഷ് പറഞ്ഞു.
എന്നാൽ, സ്റ്റെന്റ് പൂർണമായും തീർന്നിട്ടില്ലെന്നും അടിയന്തര ഘട്ടങ്ങളിൽ രോഗികൾക്ക് ആൻജിയോ പ്ലാസ്റ്റി നടത്തുന്നുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ആശാദേവി പറഞ്ഞു. രണ്ടാഴ്ചമുമ്പ് ഒരു ആൻജിയോ പ്ലാസ്റ്റി നടത്തിയിരുന്നു. സ്റ്റെന്റ് വിതരണം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിതരണക്കാരുമായി സംസാരിച്ചിരുന്നുവെന്നും ആശാദേവി പറഞ്ഞു.
ബീച്ച് ആശുപത്രിയിലെ കാത്ത് ലാബ് പ്രവർത്തനം താറുമാറായത് ജില്ലയുടെ തീരദേശത്തും ഫറോക്ക്, ബേപ്പൂർ മേഖലകളിൽ നിന്നുമുള്ള സാധാരണക്കാരെ ദുരിത്തിലാക്കിയിരിക്കുകയാണ്. മാസം തോറും അമ്പതിലധികം ആൻജിയോപ്ലാസ്റ്റി നടന്നിരുന്ന ബീച്ച് ആശുപത്രിയിൽ കാത്ത് ലാബിൽ സ്റ്റെന്റ് തീർന്നതോടെ ശസ്ത്രക്രിയ ചെയ്യാനാവാതെ മടങ്ങുകയാണെന്ന് രോഗികൾ സാക്ഷ്യപ്പെടുത്തുന്നു.
ഇതിൽ പലർക്കും ചികിത്സ തന്നെ മുടങ്ങി. സ്വകാര്യ ആശുപത്രികളിൽ ഭീമമായ തുക ആവശ്യമായി വരുന്ന ശസ്ത്രക്രിയ പൂർണമായോ ഭാഗികമായോ സൗജന്യമായി ലഭിക്കുന്നത് സാധാരണക്കാർക്ക് ഏറെ ആശ്വാസകരമായിരുന്നു. കാരുണ്യ ആരോഗ്യ ഇൻഷുറൻസിൽനിന്ന് ആശുപത്രിക്ക് ലഭിക്കാനുള്ള തുക ലഭിക്കാത്തതിനാലാണ് വിതരണക്കാർക്കുള്ള കുടിശ്ശിക തീർക്കാൻ കഴിയാത്തതെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.