കോഴിക്കോട്: പനിയടക്കം പകർച്ചവ്യാധികൾ വർധിക്കുന്നതിനിടെ ആവശ്യത്തിന് ഡോക്ടർമാരില്ലാത്ത ബീച്ച് ആശുപത്രിയിൽ ഹൗസ് സർജന്മാർ കൂടി ഇല്ലാതായതോടെ രോഗികൾ ദുരിതത്തിൽ. ചികിത്സക്കുവേണ്ടി മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥാണ്.
ഒ.പിയിലും കാഷ്വൽറ്റിയിലും വേണ്ടത്ര ഡോക്ടർമാരില്ല. ആശുപത്രിയിൽ നേരത്തെയുണ്ടായിരുന്ന ഹൗസ് സർജന്മാർ ഇന്റേൺഷിപ് പൂർത്തിയാക്കി മടങ്ങിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. നേരത്തെ നാൽപതിലധികം ഹൗസ് സർജന്മാരുടെ സേവനമുണ്ടായിരുന്ന ആശുപത്രിയിൽ ഇപ്പോൾ ഒറ്റ ഹൗസ് സർജൻപോലും ഇല്ല. ഇതുമൂലം ഒ.പിയിലും കാഷ്വൽറ്റിയിലും രാവിലെ മുതൽ രോഗികളുടെ നീണ്ടനിരയാണ്. മണിക്കൂറുകൾ വരിനിന്ന് കുഴങ്ങുന്നതോടെ ഒ.പിയിൽ കാണിക്കാനെത്തിയ രോഗികൾ അത്യാഹിത വിഭാഗത്തിലേക്ക് പോവുന്നത് അവിടെയും തിരക്ക് വർധിക്കാനിടയാക്കുന്നു.
മാത്രമല്ല, ഹൗസ് സർജന്മാർ ഇല്ലാതായതോടെ അത്യാഹിത വിഭാഗത്തിലും ഒരു ഡോക്ടറുടെ സേവനം മാത്രമേ ലഭിക്കുന്നുള്ളൂ. അതിനിടെ അപകടങ്ങളുടെയും മറ്റു കേസുകളുടെയും അന്വേഷണത്തിന് പൊലീസ് എത്തും. ഒരു കേസിന് 20 മിനിറ്റിലധികം പൊലീസിന് വേണ്ടിവരും. ഇത് കൂടിയാവുന്നതോടെ അത്യാഹിത വിഭാഗത്തിലും രോഗികൾക്ക് ചികിത്സ വൈകാനിടയാക്കുന്നു. നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽനിന്ന് പ്രതികളെ വൈദ്യ പരിശോധനക്കെത്തിക്കുന്നതും ഇവിടെയാണ്. നേരത്തെ സാരമല്ലാത്ത കേസുകൾ ഹൗസ് സർജന്മാർ കൈകാര്യം ചെയ്യുമായിരുന്നു.
തീരദേശവാസികളുടെയും നഗരസഭയിലെയും സമീപപ്രദേശങ്ങളിലെയും സാധാരണക്കാരുടെയും ഏക ആശ്രയമാണ് ബീച്ച് ആശുപത്രി. നാഷനൽ മെഡിക്കൽ കൗൺസിലിന്റെ പുതിയ തീരുമാനപ്രകാരം സൂപ്രണ്ടുമാർക്ക് നേരിട്ട് വിദ്യാർഥികൾക്ക് ഇന്റേൺഷിപ് അനുവദിക്കാൻ കഴിയാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഇനി ആശുപത്രിയിലേക്ക് ഹൗസ് സർജന്മാരെ ലഭിക്കണമെങ്കിൽ ഡി.എം.ഒ വഴി മെഡിക്കൽ വിദ്യാഭ്യാസ കൗൺസിലിന് അപേക്ഷ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.