കോഴിക്കോട്: നഗരത്തിൽ ലോറി നിർത്തിയിടാൻ വേണ്ടത്ര സൗകര്യമില്ലെന്ന പരാതിക്ക് ഇനിയും പരിഹാരമായില്ല. ഇതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് ലോറി പാർക്കിങ് സംരക്ഷണ സമിതി. അടുത്ത മാസം യോഗം ചേർന്ന് പ്രതിഷേധ പരിപാടികൾ തീരുമാനിക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. കോർപറേഷൻ പ്രഖ്യാപിച്ച ലോറി സ്റ്റാൻഡ് പ്രവൃത്തി പെട്ടെന്നാവണമെന്നാണ് ആവശ്യം.
വലിയങ്ങാടിയിലും പരിസരത്തുമെത്തുന്ന ലോറികൾ നിർത്താൻ ഇപ്പോൾ മതിയായ സൗകര്യമില്ല. 1968ൽ പി. കുട്ടികൃഷ്ണൻ നായർ മേയറായിരിക്കേ ഗതാഗത മന്ത്രി ഇ.കെ. ഇമ്പിച്ചിബാവ ഉദ്ഘാടനം ചെയ്ത ലോറി സ്റ്റാൻഡിൽ ഇപ്പോൾ ഇഞ്ചുപോലും സ്ഥലമില്ല.
വലിയങ്ങാടിയിലും പരിസരത്തുമെത്തുന്ന ലോറികൾ നിർത്താൻ സൗകര്യമില്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടുകയാണ്. ലോറികൾ നിർത്തുന്നതിന് നിയന്ത്രണമേർപ്പെടുത്തിയതോടെ വലിയങ്ങാടിയിലടക്കം ലോറികൾ കുറഞ്ഞു. ഇതുകാരണം കച്ചവടക്കാർ, കയറ്റിറക്ക് തൊഴിലാളികൾ, ലോറി ഡ്രൈവർമാർ, ക്ലീനർമാർ, ഏജന്റുമാർ എന്നിവർ കഷ്ടപ്പെടുന്നു.
മതിയായ സൗകര്യത്തോടുകൂടിയ പാർക്കിങ് ഹബ് നിർമിച്ചുനൽണമെന്നാണ് ലോറിയുടമകളുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് ലോറിയുടമകളുടെയും ഏജന്റുമാരുടെയും തൊഴിലാളികളുടെയും വിവിധ സംഘടനകളുടെ കൂട്ടായ്മയായ ലോറി പാർക്കിങ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മുമ്പ് അധികാരികളെ കണ്ടിരുന്നു.
നഗരത്തിൽ ലോറികൾ നിർത്താനുള്ള സ്ഥലം കണ്ടെത്തിയാൽ സ്റ്റാൻഡ് നിർമിക്കാമെന്നാണ് അധികാരികളുടെ നിലപാട്. ലോറികൾ നിർത്തുന്നതുമായി ബന്ധപ്പെട്ട് പലതവണ പ്രശ്നങ്ങളുണ്ടായിരുന്നു. സൗത്ത് ബീച്ചിൽ ലോറി നിർത്തുന്നതിനെതിരെ പ്രക്ഷോഭമുയരുകയും അവിടെ വണ്ടി നിർത്തുന്നത് അനധികൃതമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, പകരം സ്ഥലമില്ലാതെ ഒടുവിൽ സൗത്ത്ബീച്ചിൽത്തന്നെ അത് തിരിച്ചെത്തിയിരിക്കുകയാണ്.
കടപ്പുറത്ത് പോർട്ട് ഓഫിസിന്റെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്തും വെസ്റ്റ്ഹിൽ ചുങ്കത്തും മീഞ്ചന്തയിലുമെല്ലാം ലോറികൾ നിർത്തുന്ന കാര്യം കോർപറേഷൻ ആലോചിച്ചിരുന്നു. പ്രദേശവാസികൾ എല്ലായിടത്തും എതിർപ്പുയർത്തി. ഇതരസംസ്ഥാന തൊഴിലാളികൾ ലോറിയുമായി തങ്ങുന്നത് നാട്ടുകാർ പ്രോത്സാഹിപ്പാക്കാത്തതാണ് മുഖ്യപ്രശ്നം.
ലോറി നിർത്തുകയും തിരിക്കുകയും ചെയ്യുന്നതോടെ ഗതാഗതക്കുരുക്കിനൊപ്പം സ്വൈര ജീവിതവും തടസ്സപ്പെടുന്നുവെന്നാണ് പരാതി. സൗത്ത്ബീച്ചിൽ റോഡിൽ നിർത്തുന്നതുതടഞ്ഞ് പകരം പോർട്ടിന്റെ വളപ്പിൽ 60 ലോറികൾക്കെങ്കിലും സൗകര്യമൊരുക്കാനാവുമെന്ന് നഗരസഭ ആലോചിച്ചിരുന്നു. വലിയങ്ങാടിയിലേക്ക് വരുന്ന ലോറികൾ കോതിക്കും സൗത്ത്ബീച്ചിനുമിടയിൽ റോഡിൽ നിർത്തിയിടുന്നത് പതിവാണ്.
സൗത്ത്ബീച്ചിലെ ലോറി സ്റ്റാൻഡ് തോപ്പയിലേക്ക് മാറ്റാനും സ്ഥലമൊരുക്കാന്‍ 1.9 ലക്ഷം രൂപ നീക്കിവെക്കാനും കോര്പറേഷന് തീരുമാനിച്ചിരുന്നെങ്കിലും എല്ലാം വെറുതെയായി. സ്റ്റാൻഡ് വെള്ളയിൽ തോപ്പയിലേക്ക് മാറ്റുന്നതിനെതിരെയും പ്രതിഷേധം നടന്നിരുന്നു. മുമ്പ് ലോറി സ്റ്റാൻഡ് അനുവദിക്കാൻ തീരുമാനിച്ച മീഞ്ചന്തയിലെ സ്ഥലത്ത് ബസ് സ്റ്റാന്‍ഡ് പണിയാനാണ് ഇപ്പോൾ കോർപറേഷൻ നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.