വടകര: വടകര എൻ.ഡി.പി.എസ് ജഡ്ജി സ്ഥലം മാറി പോയതിനെത്തുടർന്ന് പകരം നിയമനമാകാത്തതിനാൽ കോടതി പ്രവർത്തനം നിലച്ചു. കഴിഞ്ഞ ഒമ്പതിന് നാർകോട്ടിക് സ്പെഷൽ കോടതി ജഡ്ജി സിറ്റിങ് അവസാനിപ്പിച്ചിരുന്നു. നർകോട്ടിക് ജഡ്ജി വി.പി.എം. സുരേഷ് ബാബു എറണാകുളത്തേക്കാണ് സ്ഥലംമാറി പോയത്. പുതിയ ജഡ്ജി, നിയമനം സംബന്ധിച്ച് ഹൈകോടതിയിൽനിന്ന് അറിയിപ്പ് ഉണ്ടായിട്ടില്ല.
ജഡ്ജി നിയമനം വൈകുന്നത് പ്രധാന കേസുകളുടെ വിചാരണയെ ബാധിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള മയക്കുമരുന്നു കേസുകളടക്കമുള്ള പ്രധാന കേസുകൾ വിചാരണ കാത്തുകിടക്കുകയാണ്. കുടുംബ കോടതി, മുൻസിഫ് കോടതി, എം.എ.സി.ടി കോടതികളിലും ജഡ്ജിമാരുണ്ടായിരുന്നില്ല. ഇവിടങ്ങളിൽ ജഡ്ജിമാരുടെ നിയമനമായിട്ടുണ്ട്.
പുതിയ ജഡ്ജിമാർ 18ന് ചാർജെടുക്കും. മുൻസിഫ് കോടതി മധ്യവേനലവധിക്ക് ശേഷം ശനിയാഴ്ചയാണ് തുറക്കുന്നത്. എട്ട് മാസത്തോളമായി ഒഴിഞ്ഞുകിടക്കുന്ന കുടുംബ കോടതിയിൽ ജഡ്ജിയായി തലശ്ശേരി സി.ജെ.എം ജഡ്ജി വീണ ചാർജെടുക്കും.
മുൻസിഫ് കോടതി ജഡ്ജിയായി ഐശ്വര്യയും എം.എ.സി.ടി ജഡ്ജിയായി പ്രദീപനും ചാർജെടുക്കും. കുടുംബ കോടതിയിൽ ജഡ്ജി നിയമനമില്ലാത്തത് ഏറെ പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു. ജീവനാംശമുൾപ്പെടെ ലഭിക്കുന്നത് തടസ്സപ്പെട്ടത് കുടുംബങ്ങൾക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. ഏറെ കാലത്തിനുശേഷം പുതിയ ജഡ്ജി നിയമനമാകുന്നത് ആശ്വാസമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.