ബാലുശ്ശേരി: കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ ബാലുശ്ശേരി പൊലീസിന്റെ പിടിയിലായ പ്രതികളിലൊരാൾ സ്റ്റേഷനിൽ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് ബാലുശ്ശേരി സ്റ്റേഷനിൽനിന്ന് പൊലീസിനെ തള്ളിവീഴ്ത്തി ഈസ്റ്റ് പേരാമ്പ്ര തണ്ടോപ്പാറ പൈതോത്ത് റോഡിൽ കൈപ്പാക്കണ്ടി (കുനിയിൽ) മുഹമ്മദ് സറീഷ് (24) ഓടി രക്ഷപ്പെട്ടത്.
രാത്രി തന്നെ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ സമീപ പ്രദേശങ്ങളിലും പറമ്പുകളിലും പലതവണ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ജില്ലയിലെ മുഴുവൻ സ്റ്റേഷനുകളിലും വിവരം കൈമാറുകയും ജില്ല അതിർത്തികളിലും മറ്റും പരിശോധന വ്യാപിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും ഒരു വിവരവും ലഭിച്ചിട്ടില്ല. ബുധനാഴ്ച രാവിലെ 11ഓടെയാണ് കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന സറീഷിനെയും കൂട്ടു പ്രതി ആവള ചെറുവട്ട് കുന്നത്ത് മുഹമ്മദ് ഹർഷാദിനെയും(23) പൊലീസ് അറസ്റ്റ് ചെയ്തത്.
താമരശ്ശേരി ഡിവൈ.എസ്.പി. ഇ.പി. പൃഥ്വിരാജിെൻറ സാന്നിധ്യത്തിലായിരുന്നു പ്രതികളെ കസ്റ്റഡിയിലെടുത്തതും സ്റ്റേഷനിലെത്തിച്ചതും. വൈകീട്ട് ഏഴരയോടെ മജിസ്ട്രേറ്റിനുമുന്നിൽ വിഡിയോ കോൺഫറൻസ് വഴി ഹാജരാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരു പ്രതികളും എ. എസ്.ഐയെ തള്ളിവീഴ്ത്തി ഓടി രക്ഷപ്പെട്ടത്. മുഹമ്മദ് ഹർഷാദിനെ സ്റ്റേഷനിൽ വെച്ചു തന്നെ പൊലീസ് പിടികൂടിയെങ്കിലും മുഹമ്മദ്സറീഷ് രക്ഷപ്പെടുകയായിരുന്നു. സ്റ്റേഷനുള്ളിൽ വെളിച്ചക്കുറവുള്ളതിനാലാണ് പുറത്തെത്തിച്ച് വിഡിയോ കോൺഫറൻസ് നടത്താനൊരുങ്ങിയതെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ രാവിലെ കാട്ടാമ്പള്ളി, ബാലുശ്ശേരി ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിൽ പ്രതിയെ കണ്ടെന്ന വാർത്തയെ തുടർന്ന് പൊലീസ് ഇവിടങ്ങളിലെത്തി വിശദമായ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല. കസ്റ്റഡിയിൽനിന്ന് പ്രതി ചാടിപ്പോയ സംഭവത്തിൽ വടകര റൂറൽ എസ്.പി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണറിയുന്നത്. രാത്രി ഏറെ വൈകിയും പ്രതിക്കായുള്ള തിരച്ചിൽ വിവിധ ഭാഗങ്ങളിലായി നടത്തിവരുകയാണ്. അറസ്റ്റ് ചെയ്ത മുഹമ്മദ് ഹർഷാദിനെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.