കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസിൽനിന്ന് ടിക്കറ്റ് റാക്ക് കളവുപോവൽ പതിവായി. കോഴിക്കോട് ഒരാഴ്ചക്കിടെ രണ്ട് ബസുകളിൽനിന്ന് ആയിരക്കണക്കിന് രൂപയുടെ മൂല്യമുള്ള ടിക്കറ്റുകളടങ്ങിയ റാക്കാണ് കളവുപോയത്. ശനിയാഴ്ച പൊന്നാനി ഡിപ്പോയിൽനിന്ന് കോഴിക്കോട്ടെത്തിയ ബസിൽനിന്നാണ് മോഷണം.
ഇതിനുമുമ്പ് പാലക്കാട് ഡിപ്പോയിൽനിന്നെത്തിയ ബസിൽനിന്നും ടിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ബാഗിൽ സൂക്ഷിച്ച ടിക്കറ്റുകളാണ് മോഷണം പോവുന്നത്. ഡ്രൈവറുടെ സീറ്റിന് മുന്നിൽ ഗ്ലാസിന്റെ സൈഡിൽ വെക്കുന്ന ബാഗാണ് മോഷണം പോവുന്നത്. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ കെ.എസ്.ആർ.ടി.സി വിജിലൻസിന് പരാതി നൽകുമെന്ന് അധികൃതർ പറഞ്ഞു.
പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ ടിക്കറ്റ് ഉപയോഗിച്ച് ക്രിത്രിമം നടത്താനുള്ള സാധ്യത അധികൃതർ തള്ളിക്കളയുന്നില്ല. 25000 രൂപ വരെ മൂല്യമുള്ള ടിക്കറ്റുകളടങ്ങിയ കെട്ടാണ് നഷ്ടപ്പെടുന്നത്. രണ്ട് തവണയായി അര ലക്ഷത്തിൽപരം മൂല്യമുള്ള ടിക്കറ്റുകൾ നഷ്ടപ്പെട്ടതായാണ് നിഗമനം.
ഇലക്ട്രോണിക് മെഷീൻ ഉപയോഗിച്ചാണ് നിലവിൽ ടിക്കറ്റ് വിതരണം. മെഷീൻ തകരാറുള്ള ഘട്ടങ്ങളിൽ പഴയമോഡൽ ടിക്കറ്റ് ഉപയോഗിക്കും. ദീർഘദൂര യാത്രയിൽ ഈ ടിക്കറ്റുകൾ ദുരുപയോഗസാധ്യതയുണ്ട്. ഇത്തരം തട്ടിപ്പുകൾ നേരത്തെ കെ.എസ്.ആർ.ടി.സി വിജിലൻസ് വിങ് പിടികൂടിയിരുന്നു.
തിരുവനന്തപുരം, കൊല്ലം ബസ് സ്റ്റാൻഡുകളിലും ടിക്കറ്റ് റാക്കുകൾ മോഷണംപോയ സംഭവം റിപ്പോർട്ട് ചെയ്തതായി കെ.എസ്.ആർ.ടി.സി വൃത്തങ്ങൾ പറഞ്ഞു. ടിക്കറ്റ് ഇൻസ്പെക്ഷൻ ഇല്ലാത്ത റൂട്ടുകളിൽ മാന്വൽ ടിക്കറ്റ് ഉപയോഗിച്ച് ടിക്കറ്റ് കൊടുത്ത് പണം വാങ്ങിയാൽ കണക്കിൽ പെടുത്താതെ തട്ടിപ്പ് നടത്താനാവും. ടിക്കറ്റുകൾ ബസിൽ വെച്ച് പോകരുതെന്നാണ് നിബന്ധന. ബസ് സ്റ്റേഷനിൽ ഓഫിസിൽ സൂക്ഷിക്കാൻ സംവിധാനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.