കോഴിക്കോട്: മെഡിക്കൽ കോളജിലെ സർജിക്കൽ ഐ.സി.യുവിൽ യുവതി പീഡനത്തിനിരയായ കേസിൽ ആരോപണവിധേയരായ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചതിൽ വനിത കമീഷൻ വിശദീകരണം തേടി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. വിഷയത്തിൽ മെഡിക്കൽ കോളജ് ആഭ്യന്തര അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ട് ഹാജരാക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ട ഉടനെ കമീഷൻ യുവതിയെ കണ്ട് മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്ന കേസിലും അതിജീവിത കമീഷന് പരാതി നൽകുകയും മൊഴിയെടുക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കമീഷൻ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ആരോപണ വിധേയരായ ജീവനക്കാരെ തിരിച്ചെടുത്തത്. ഇത് ഏറെ ആക്ഷേപത്തിനിടയാക്കിയിരുന്നു.
പീഡനക്കേസിൽ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തിയെന്നാരോപിക്കപ്പെടുന്ന അഞ്ചു ജീവനക്കാരെയാണ് ഇക്കഴിഞ്ഞ 31ന് പ്രിൻസിപ്പലിന്റെ ഉത്തരവിലൂടെ സർവിസിൽ തിരിച്ചെടുത്തത്.
മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരായ ഗ്രേഡ് 1 അറ്റൻഡന്റുമാരായ എൻ.കെ. ആസ്യ, ഷൈനി ജോസ്, വി. ഷലൂജ, ഗ്രേഡ് 2 അറ്റൻഡന്റ് പി.ഇ. ഷൈമ, നഴ്സിങ് അസിസ്റ്റന്റ് പ്രസീത മനോളി എന്നിവരെയാണ് സർവിസിൽ തിരിച്ചെടുത്തത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഇ.വി. ഗോപി സർവിസിൽ നിന്ന് വിരമിക്കുന്ന ദിവസമായിരുന്നു സസ്പെൻഷൻ റദ്ദാക്കി ഉത്തരവിട്ടത്. ഇതിനുപിന്നിൽ രാഷ്ട്രീയ സമ്മർദമുണ്ടെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.