കോഴിക്കോട്: മാലപൊട്ടിച്ച മോഷ്ടാക്കാളെ സാഹസികമായി പിടികൂടിയ വീട്ടമ്മയെ പൊലീസ് ആദരിച്ചു. വ്യാഴാഴ്ച കോഴിക്കോട് കമീഷണർ ഓഫിസിൽ നടന്ന ചടങ്ങിൽ സിറ്റി പൊലീസ് കമീഷണർ രാജ്പാൽ മീണ വീട്ടമ്മയായ സുധയെ ആദരിച്ച് ഫലകം സമ്മാനിച്ചു.
അസിസ്റ്റന്റ് കമീഷണർമാരായ പി. ബിജുരാജ്, എ.എം. സിദ്ദിഖ്, കെ. സുദർശൻ, സ്പെഷൽ ബ്രാഞ്ച് എ.സി.പി എ. ഉമേഷ്, അഡീഷനൽ എസ്.പി എൽ. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. മോഷ്ടാക്കളെ കീഴ്പ്പെടുത്താനായി സുധ പ്രകടിപ്പിച്ച ധീരത മാതൃകാപരമാണെന്ന് കമീഷണർ പറഞ്ഞു. സുധയുടെ മകൻ മിഥുനും ചടങ്ങിൽ സന്നിഹിതനായിരുന്നു.
ബസിൽനിന്ന് ഇറങ്ങവെയാണ് നരിക്കുനി സ്വദേശിയായ സുധയുടെ മാല ചൊവ്വാഴ്ച നഷ്ടപ്പെട്ടത്. കൂടെയിറങ്ങിയ രണ്ടു സ്ത്രീകൾ ഓടി ഓട്ടോയിൽ കയറുന്നത് കണ്ടതോടെ മോഷ്ടാക്കളുടെ പിറകെ ഓടി ഒാട്ടോ തടയുകയും മോഷ്ടാക്കളെ പിടികൂടുകയുമായിരുന്നു. ഓട്ടോ ഡ്രൈവറും സഹായിച്ചു.
സ്ഥിതിഗതികൾ വഷളാകുന്നതു കണ്ടതോടെ സ്ത്രീകൾ മാല റോഡിലേക്ക് വലിച്ചെറിഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ രണ്ടുപേരെയും ഓട്ടോയിൽനിന്നിറക്കി പൊലീസിൽ വിവരമറിയിച്ചു. വിശദമായി ചോദ്യം ചെയ്തപ്പോൾ സ്ഥിരം മോഷ്ടാക്കളാണ് ഇവരെന്ന് കണ്ടെത്തുകയായിരുന്നു.
കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്തു. അയ്യപ്പൻ എന്ന വിജയകുമാർ (44), ഭാര്യമാരായ വേലപ്പെട്ടി സ്വദേശി ദേവി (38) വസന്ത(45), മകൾ സന്ധ്യ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാസങ്ങളായി പൊലീസ് അന്വേഷിച്ചുവരുന്ന ഇതരസംസ്ഥാന തസ്കര കുടുംബമാണ് സുധയുടെ ധീരതയിൽ കുടുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.