കൊടുവള്ളി: ഡോ. എം.കെ. മുനീർ എം.എൽ.എ മണ്ഡലത്തിൽ നടപ്പാക്കുന്ന ഉന്നതി ജനകീയ വിജ്ഞാന മുന്നേറ്റം പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ സമഗ്ര മാനസികാരോഗ്യ പദ്ധതിക്ക് തുടക്കം കുറിച്ചു. കോവിഡിന് ശേഷം വിദ്യാർഥികളിൽ കണ്ടുവരുന്ന പെരുമാറ്റ വൈകല്യം, പഠന വൈകല്യം ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങൾക്ക് പദ്ധതിയിലൂടെ പരിഹാരം ലഭിക്കും. മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിലും കൗൺസലർമാരെ നിയമിക്കും.
കൗൺസലിങ്ങിന് പുറമെ മെന്റൽ ഹെൽത്ത് ഫെസിലിറ്റേറ്ററായും കൗൺസിലർമാർ പ്രവർത്തിക്കും. സ്കൂളുകളിൽ മോട്ടിവേഷൻ ക്ലാസുകൾ, പരിശീലന ക്ലാസുകൾ, മനഃശാസ്ത്ര ക്ലാസുകൾ എന്നിവയും നടപ്പാക്കും. പെരുമാറ്റ വൈകല്യമുള്ള വിദ്യാർഥികൾക്ക് മെഡിറ്റേഷൻ തെറപ്പി, മൈൻഡ് ഫുൾനസ് എന്നീ സേവനം പഞ്ചായത്തുതല നോളജ് സെന്റർ പ്രവർത്തനം തുടങ്ങുന്നതോടെ ലഭിക്കും. നൂറിലധികം സ്കൂളുകളിലായി ഇരുപതിനായിരത്തിൽ അധികം വിദ്യാർഥികൾക്ക് പദ്ധതിയിലൂടെ സേവനം ലഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി വിവിധ സെമിനാറുകൾ, ബോധവത്കരണ ക്ലാസുകൾ, എന്നിവ സെപ്റ്റംബർ ഒന്നുമുതൽ ആരംഭിക്കും. നിംഹാൻസ്, സി.ആർ.സി, ഡയറ്റ് എന്നീ സ്ഥാപനങ്ങളാണ് പദ്ധതിക്ക് നേതൃത്വം നൽകുക. പദ്ധതിയുടെ ഉദ്ഘാടനം ഡോ. എം.കെ. മുനീർ എം.എൽ.എ നിർവഹിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഡോ. റോഷൻ ബിജി, ഡോ. പി.പി. വേണുഗോപാലൻ എന്നിവർ ക്ലാസെടുത്തു. ഡോ. യു.കെ. അബ്ദുന്നാസർ പദധതി അവതരിപ്പിച്ചു. എ.ഇ.ഒ അബ്ദുൽ ഖാദർ, വി.എം. ഉമ്മർ, ടി.കെ. മുഹമ്മദ്, എം. അബ്ദുൽ അസീസ്, അഷ്റഫ്, എം.എ. ഗഫൂർ, എ.കെ. കൗസർ, ടി. മൊയ്തീൻ കോയ, എം. നസീഫ്, ഹാഫിസ് താമരശ്ശേരി, സുൽഫിക്കർ, ഹാരിസ് അമ്പായത്തോട്, ഹാജറ കൊല്ലരുണ്ടി, വി.സി. റിയാസ് ഖാൻ, ഷംസീർ പാലങ്ങാട്, ടി.പി. നൗഫൽ, ഷിബു ചെറുകാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.