കോഴിക്കോട്: മെഡിക്കൽ കോളജിലെ സർജിക്കൽ ഐ.സി.യുവിൽ യുവതി പീഡനത്തിനിരയായ കേസിൽ യുവതിക്ക് അനുകൂല നിലപാട് സ്വീകരിച്ച സീനിയർ നഴ്സിങ് ഓഫിസറെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് വെളിച്ചം കണ്ടില്ല.
അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി എന്നുമാണ് അധികൃതർ ബന്ധപ്പെട്ടവരെ അറിയിച്ചിരിക്കുന്നത്.
സംഭവത്തിൽ പരാതിക്കാരിക്ക് അനുകൂല നിലപാട് സ്വീകരിച്ച സീനിയർ നഴ്സിങ് ഓഫിസറെ ഭരണാനുകൂല സംഘടന നേതാവ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. യൂനിയൻ നേതാവ് ഭീഷണിപ്പെടുത്തിയതായി നഴ്സിങ് ഓഫിസർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു.
തുടർന്ന് പ്രിൻസിപ്പൽ അന്വേഷണ കമീഷനെ നിയോഗിക്കുകയായിരുന്നു. അന്വേഷണ കമീഷന് മുമ്പാകെ നഴ്സിങ് ഓഫിസർ പരാതിയിൽ ഉറച്ചുനിന്നു. സംഭവം നടന്ന അന്നുമുതൽ തന്നെ പരാതി പിൻവലിക്കാൻ യൂനിയൻ നേതാക്കൾ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ, കേസ് പൊലീസിന് കൈമാറിയിരുന്നില്ല.
അതേസമയം, പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ കേസിൽ ആരോപണ വിധേയരായ അഞ്ചു ജീവനക്കാരെ പൊലീസ് അന്വേഷണം പൂർത്തിയാവുന്നതിനുമുമ്പ് ജോലിയിൽ തിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രതി ശശീന്ദ്രനെതിരായ പരാതി പിൻവലിക്കാൻ അറ്റൻഡർമാരും നഴ്സിങ് അസിസ്റ്റന്റും യുവതിക്കുമേൽ സമ്മർദം ചെലുത്തിയിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ ഇവർ കുറ്റം ചെയ്തതായി പൊലീസും കണ്ടെത്തിയിരുന്നു. കേസിന്റെ ആരംഭം മുതൽ തന്നെ ഭരണാനുകൂല സംഘടന നേതാവിനെ സംരക്ഷിക്കാൻ ആശുപത്രി അധികൃതർ ശ്രമിച്ചിരുന്നു. കോൺഗ്രസ് നേതാക്കളുടെ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് പ്രതിക്കെതിരെ നടപടി സ്വീകരിക്കാൻ കോളജ് അധികൃതർ തയാറായത്.
കോഴിക്കോട്: മെഡിക്കൽ കോളജ് സർജിക്കൽ ഐ.സി.യുവിൽ യുവതി പീഡനത്തിനിരയായ കേസിൽ അന്വേഷണം പൂർത്തിയായതായും ഒരാഴ്ചക്കകം കുറ്റപത്രം സമർപ്പിക്കുമെന്നും മെഡിക്കൽ കോളജ് സി.ഐ എം.എൽ. ബെന്നിലാലു അറിയിച്ചു. ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് സർജിക്കൽ ഐ.സി.യുവിലേക്ക് മാറ്റിയ യുവതിയെ അറ്റൻഡറും ഭരണാനുകൂല യൂനിയൻ നേതാവുമായ ശശീന്ദ്രൻ പീഡിപ്പിച്ചെന്നാണ് കേസ്.
സംഭവത്തിൽ അറസ്റ്റിലായ ശശീന്ദ്രൻ റിമാൻഡിൽ കഴിയുകയാണ്. ശശീന്ദ്രനെതിരെ പരാതിപ്പെട്ട യുവതിയെ മെഡിക്കൽ കോളജ് ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്ന കേസിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.