കുതിരവട്ടം: ഒഴിവുകളിൽ ഒരു മാസത്തിനകം നിയമനം നടത്തണം –മുഖ്യമന്ത്രി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ഒരു മാസത്തിനകം നിയമനം നടത്തണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം. സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ആരോഗ്യവകുപ്പിന് നിർദേശം നൽകിയത്. പഴയ കെട്ടിടങ്ങളും ദീര്‍ഘകാലം മുമ്പുള്ള സ്റ്റാഫ് പാറ്റേണുമാണ് സ്ഥാപനത്തില്‍ തുടരുന്നത്.

വാച്ച്മാന്‍മാരുടെ തസ്തിക 24 ആയി ഉയര്‍ത്തും. ഇതിന് 20 അധിക തസ്തികകള്‍ സൃഷ്ടിക്കും. കുക്കിന്‍റെ തസ്തിക നിലനിര്‍ത്തും. കുക്കിന്‍റെ എട്ട് തസ്തികകളില്‍ ഒഴിവുള്ളവയില്‍ നിയമനം നടത്തും. അക്രമസ്വഭാവമുള്ള അന്തേവാസികളെ പരിചരിക്കുന്നതിന് പ്രത്യേക സൗകര്യങ്ങളും വൈദഗ്ധ്യവും ഉള്ളവരെ നിയമിക്കും. ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ ചുറ്റി സഞ്ചരിച്ച് നിരീക്ഷണം നടത്താന്‍ ഒരേസമയം രണ്ടു പേരെ നിയമിക്കും. സി.സി.ടി.വി നിരീക്ഷിക്കുന്നതിന് പ്രത്യേകമായി ജീവനക്കാരെ നിയമിക്കും. ആശുപത്രിയുടെ ചുറ്റുമതിലിന്‍റെ ഉയരം എട്ട് അടി ആയെങ്കിലും ഉയര്‍ത്തി വൈ ആകൃതിയിലുള്ള ബാര്‍ബിഡ് വയര്‍ ഫെന്‍സിങ് സ്ഥാപിക്കും.

മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ആര്‍.എം.ഒ തസ്തികകളില്‍ മനോരോഗികളെ ചികിത്സിക്കുന്നതിന് പ്രത്യേക പരിജ്ഞാനമുള്ള ഡോക്ടര്‍മാരെ നിയമിക്കും. പഴയ കെട്ടിടങ്ങളാണ് ആശുപത്രിയില്‍ നിലവിലുള്ളത്.

ആശുപത്രി പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി 400 കോടിയുടെ മാസ്റ്റര്‍ പ്ലാനും 100 കോടി രൂപയുടെ ഡി.പി.ആറും അംഗീകരിക്കുന്നതിന്‍റെ അന്തിമ ഘട്ടത്തിലാണ്. ഡി.പി.ആര്‍ അംഗീകാരത്തിനാവശ്യമായ സാങ്കേതിക കാര്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കിറ്റ്കോക്ക് നിർദേശം നല്‍കും.

മെഡിക്കല്‍ കോളജുകളില്‍ കൂട്ടിരിപ്പിന് മാനസികാരോഗ്യ കേന്ദ്രം ജീവനക്കാരെ നിയോഗിക്കുന്നതിനു പകരം സന്നദ്ധസേന വളന്റിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തല്‍ ഉള്‍പ്പെടെ ഇതര സംവിധാനങ്ങള്‍ ഒരുക്കണം. രോഗം പൂര്‍ണമായി ഭേദമായ വനിതകളെ പുനരധിവസിപ്പിക്കുന്നതിന് സാമൂഹ്യക്ഷേമ വകുപ്പ് പ്രത്യേകം മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.യോഗത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്, മ്യൂസിയം പുരാവസ്തു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ജില്ല കലക്ടര്‍ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Vacancies in Kuthiravattam should be filled within a month - CM pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.