നാദാപുരം: ഭൂമി കൈയേറ്റ നീക്കത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നുവരുന്ന വളയം മഞ്ഞപ്പള്ളിയിലെ വിവാദ ഭൂമിയിൽ കനത്ത പൊലീസ് സുരക്ഷയിൽ കോടതി നിർദേശപ്രകാരം അളവെടുപ്പ് നടത്തി. അളവെടുപ്പ് തടയാനെത്തിയവരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരാൾക്ക് പരിക്കേറ്റു.
ഭൂസംരക്ഷണസമിതി അംഗം വി.കെ. സുധീറിനാണ് പരിക്കേറ്റത്. കാലിന്റെ എല്ല് പൊട്ടിയ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര സബ് കോടതിയാണ് മഞ്ഞപ്പള്ളിയിലെ വിവാദ ഭൂമിയിൽ അളവ് നടത്താൻ അഭിഭാഷക കമീഷൻ പ്രതിനിധിയെ നിയമിച്ചത്.
കോടതി നിർദേശിച്ച അഭിഭാഷക കമീഷൻ എത്തിയ ഉടനെയാണ് സംഘർഷം ഉടലെടുത്തത്. സമരക്കാർ റോഡിൽ കുത്തിയിരുന്ന് കമീഷൻ അംഗത്തിന്റെ വാഹനം തടയാൻ ശ്രമിച്ചു. തുടർന്ന് പൊലീസുമായി വാക്കേറ്റമുണ്ടായി. സംഘർഷം മൂർച്ഛിച്ചതോടെ പൊലീസ് സമരക്കാരെ ബലം പ്രയോഗിച്ച് റോഡിൽനിന്ന് നീക്കി. തുടർന്നാണ് കമീഷൻ അംഗം സ്ഥലത്ത് പ്രവേശിച്ച് അളവെടുപ്പ് ആരംഭിച്ചത്.
മഞ്ഞപ്പള്ളിയിലെ മൂന്നര ഏക്കറിലധികം വരുന്ന ഭൂമിയെ ചൊല്ലിയാണ് വിവാദം. സ്വകാര്യ വ്യക്തികൾ ചേർന്ന് മഞ്ഞപ്പള്ളിയിലെ മൂന്നര ഏക്കറിലധികം ഭൂമി കൈയടക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ ഭൂമിസംരക്ഷണ സമിതി രൂപവത്കരിച്ചിരുന്നു.
ഇതിനിടയിലാണ് ഭൂമിയുടെ അവകാശം ഉന്നയിക്കുന്ന തയ്യിൽ കുടുംബം കോടതിയെ സമീപിച്ചത്. ഇവരുടെ ഹരജി പരിഗണിച്ച കോടതി പല തവണ ഭൂമി അളക്കാൻ കമീഷനെ നിയോഗിച്ചെങ്കിലും പ്രതിഷേധം കാരണം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് വടകര സബ് കോടതി വ്യാഴാഴ്ച ഭൂമി അളന്നു തിട്ടപ്പെടുത്താനുള്ള സംവിധാനം ഒരുക്കാൻ ജില്ല പൊലീസ് മേധാവിക്ക് അന്തിമ ഉത്തരവ് നൽകിയത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് താലൂക്കിലെ വിവിധ സ്റ്റേഷനിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വനിത പൊലീസും ഉൾപ്പെടെ 200ലധികം പൊലീസുകാരെ സ്ഥലത്ത് നിയോഗിച്ചിരുന്നു. സംഭവത്തിൽ എഴുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.