കോഴിക്കോട് : ഭൂമി രജിസ്ട്രേഷന് ഉദ്യോഗസ്ഥർക്ക് കൈക്കൂലി പിരിച്ചുനൽകുന്നുവെന്ന പരാതിയിൽ ജില്ലയിലെ മൂന്ന് സബ് രജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസ് നടത്തിയ റെയിഡിൽ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു. കക്കോടി സബ് രജിസ്ട്രാർ ഓഫിസിൽ നിന്ന് 1.84 ലക്ഷം രൂപയും മുക്കത്തുനിന്ന് 10910 രൂപയും ചാത്തമംഗലത്തുനിന്ന് 3770 രൂപയുമാണ് പിടിച്ചത്.
സബ്രജിസ്ട്രാർ ഓഫിസിലെ ഉദ്യോഗസ്ഥർക്ക് ആധാരമെഴുത്തുകാർ പണം എത്തിച്ച് നൽകുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നാണ് സംസ്ഥാന വ്യാപകമായി വിജിലൻസ് റെയിഡ് നടത്തിയത്. ഭൂമി രജിസ്ട്രേഷൻ നടത്താൻ ആധാരമെഴുത്തുകാർ നിശ്ചിത തുകയിലുമധികം ഈടാക്കി വൈകിട്ടോടെ ഉദ്യോഗസ്ഥർക്ക് എത്തിച്ച് നൽകുന്നുവെന്നായിരുന്നു വിജിലൻസിന് ലഭിച്ച വിവരം. ഇതിെൻറ അടിസ്ഥാനത്തിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു പരിശോധന. ജില്ലയിൽ മൂന്നിടത്ത് നടത്തിയ പരിശോധനയിലും ക്രമക്കേട് കണ്ടെത്തിയതായി വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
മുക്കത്ത് ആധാരം എഴുത്തുകാരൻ കൊണ്ടുവന്ന 1.84 ലക്ഷം രൂപയാണ് പിടിച്ചത്. ചാത്തമംഗലത്ത് ആധാരമെഴുത്തുകാരനിൽ നിന്ന് 3770 രൂപയും പിടിച്ചു. മുക്കത്ത് കണക്കിൽ കാണിക്കാത്ത 7410 രൂപയും അനധികൃതമായി സൂക്ഷിച്ച 3500 രൂപയും കണ്ടെടുത്തു. പണത്തിെൻറ ഉറവിടം സംബന്ധിച്ച് വിശദ പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കും. വിജിലൻസ് നോർത്ത് റേഞ്ച് എസ്.പി പി.സി സജീവെൻറ നിർദേശപ്രകാരം യൂനിറ്റ് ഡിവൈ എസ് പി സുനിൽകുമാർ, ഇൻസ്പെക്ടർമാരായ ശിവപ്രസാദ്, ജയൻ, മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.