നാദാപുരം: വാണിമേൽ-വിലങ്ങാട് മലയോര റോഡ് തകർന്നു. യാത്രാദുരിതത്തിൽ വലഞ്ഞു നാട്ടുകാർ. സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുന്നു. വാണിമേൽ - വിലങ്ങാട് പൊതുമരാമത്ത് റോഡിലാണ് റോഡ് തകർന്ന് യാത്രാദുരിതം രൂക്ഷമായിരിക്കുന്നത്. വാണിമേലിൽനിന്നും വിലങ്ങാട്ടേക്ക് 10 കി.മീറ്റർ ദൂരമാണുള്ളത്. ഇതിൽ എട്ടര കിലോമീറ്റർ ദൂരം പൂർണമായും തകർന്ന നിലയിലാണ്. ഉരുട്ടിപ്പാലം, വാളാംതോട്, കരുകുളം, കന്നുകുളം, പുതുക്കയം എന്നിവിടങ്ങളിൽ റോഡിൽ കുഴികൾ നിറഞ്ഞു തകർന്നുകിടക്കുകയാണ്. രണ്ടു റീച്ചിൽ പെടുന്ന റോഡിൽ ഭൂമിവാതുക്കൽ മുതൽ പുതുക്കയം വരെയുള്ള മൂന്നര കിലോമീറ്റർ ഒന്നാം റീച്ചിൽ 13 വർഷം മുമ്പാണ് അവസാനമായി പുനർനിർമാണം നടന്നത്. പുതുക്കയം -വിലങ്ങാട് വരെയുള്ള ആറര കിലോമീറ്റർ രണ്ടാം റീച്ചിൽ അറ്റകുറ്റപ്പണി നടത്തിയിട്ട് പത്തുവർഷമായി. വിലങ്ങാട് ടൗൺ മുതൽ - ഹൈസ്കൂൾ വരെ കഴിഞ്ഞ വേനലിൽ ഒന്നര കിലോമീറ്റർ ദൂരം പുതുക്കിപ്പണിതതുമാത്രമാണ് നാട്ടുകാർക്കാശ്വാസം.
റോഡിലെ പ്രധാന ഭാഗങ്ങളിലെല്ലാം വലിയ കുഴികൾ രൂപപ്പെട്ടുകിടക്കുന്നതിനാൽ വാഹന സഞ്ചാരത്തിനൊപ്പം കാൽനടയാത്രക്കാരും ദുരിതമനുഭവിക്കുകയാണ്. തകർന്ന റോഡിലെ കുഴിയിൽ ചാടി വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവായതോടെ നാട്ടുകാർ പ്രതിഷേധത്തിലാണ്. താൽക്കാലികമായി കുഴികൾ അടക്കണമെന്ന ആവശ്യം പോലും അധികൃതർ നടപ്പാക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. പത്തുവർഷത്തിലധികമായി എം.എൽ.എ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി കാത്തിരിക്കുകയാണ് നാട്ടുകാർ. ഇതിനിടയിലാണ് തകർന്ന റോഡിലൂടെ സർവിസ് നടത്താൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച് ബസ് ഉടമകൾ രംഗത്തെത്തിയത്. അടുത്ത മാസം മുതൽ ബസ് ഗതാഗതം പൂർണമായും നിർത്തിവെക്കാനാണ് ഉടമകൾ ഒരുങ്ങുന്നത്. വടകര, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിലേക്ക് ദിവസവും സ്വകാര്യ ബസുകൾ 42 ട്രിപ്പുകൾ ഇതുവഴി നടത്തുന്നു. കാർഷിക മേഖലയിലെ വിലയിടിവിൽ നട്ടെല്ലൊടിഞ്ഞ മലയോര കർഷകർക്ക് വിപണി ആവശ്യത്തിനും മറ്റും സമീപപട്ടണങ്ങളിൽ എത്താനുള്ള പ്രധാന ആശ്രയം സ്വകാര്യ ബസുകളാണ്. ഇവ നിർത്തിവെയ്ക്കാനുള്ള ബസുടമകളുടെ തീരുമാനം മലയോര കർഷകർക്ക് വൻ തിരിച്ചടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.