വിസ തട്ടിപ്പ്; കെണിയിൽപെട്ടത് 74 പേർ

കോഴിക്കോട്: വിദേശരാജ്യങ്ങളിൽ ജോലിക്കുള്ള വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് നിരവധിപേരിൽനിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉടൻ പൊലീസ് പരിശോധിക്കും. ഇവരിലൊരാൾ വാഹനങ്ങൾ വാങ്ങിക്കൂട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. 74 പേരാണ് സംഘത്തിന്റെ കെണിയിൽപെട്ടത് എന്നാണ് വിവരം.

വിസക്കുള്ള അഡ്വാൻസ് തുക പലരും കൈമാറാനിരിക്കെയാണ് തട്ടിപ്പ് പറുത്തുവന്നത് എന്നതിനാൽ മുഴുവൻപേർക്കും പണം നഷ്ടമായിട്ടില്ല. 10,000 മുതൽ 70,000 രൂപ വരെയാണ് പലരും സംഘത്തിന് കൈമാറിയത്. കേസിൽ മലപ്പുറം സ്വദേശികളായ തുവ്വൂരിലെ താജുദ്ദീൻ, കരുവാരകുണ്ടിലെ മുഹമ്മദ് ഷഹർ എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്.

ഇവരുടെ അക്കൗണ്ടുകളുള്ള ബാങ്കുകളെ സമീപിച്ച് അടുത്ത ദിവസംതന്നെ പണ ഇടപാടുകളുടെ വിവരങ്ങളെടുക്കും. തട്ടിപ്പിൽ അഞ്ച് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തതെന്ന് കേസന്വേഷിക്കുന്ന നടക്കാവ് പൊലീസ് ഇൻസ്പെക്ടർ പി.കെ. ജിജീഷ് പറഞ്ഞു. പണം നഷ്ടമായ പത്തിലേറെ പേരാണ് പൊലീസിനെ സമീപിച്ചത്. 20 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്.

പ്രതികളിലൊരാൾ കാറും ജീപ്പുമടക്കം വാഹനങ്ങൾ വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ഈസ്റ്റ് നടക്കാവിൽ അൽഫാൻസ എച്ച്.ആർ സൊലൂഷൻ എന്ന സ്ഥാപനം ആരംഭിച്ചാണ് ഇവർ പണംവാങ്ങി കബളിപ്പിച്ചത്. അടച്ചുപൂട്ടിയ ഈ സ്ഥാപനത്തിലെ ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

മാസങ്ങൾക്ക് മുമ്പ് തുടങ്ങിയ സ്ഥാപനം വാട്സ്ആപ് വഴി വിദേശജോലി വാഗ്ദാനം ചെയ്തുള്ള ലിങ്ക് അയക്കുകയായിരുന്നു. ഈ സന്ദേശം വിവിധ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെട്ടതോടെയാണ് കൂടുതൽപേർ ജോലി തേടിയെത്തിയത്. ഒമാൻ, ഖത്തർ, ദുബൈ എന്നിവിടങ്ങളിലെ സൂപ്പർമാർക്കറ്റ്, ആശുപത്രി എന്നിവയടക്കമുള്ള സ്ഥാപനങ്ങളിലായിരുന്നു ജോലി വാഗ്ദാനം ചെയ്തത്.

പണം നൽകിയാൽ 75 ദിവസത്തിനകം ജോലി ലഭ്യമാക്കും എന്നായിരുന്നു ഉറപ്പ്. 65,000 രൂപ നൽകിയ നാലുപേർക്ക് ദുബൈയിൽ ജോലി ശരിയായി എന്നുപറഞ്ഞ് നവംബർ 15ന് ടിക്കറ്റും വിസയും നൽകി. എന്നാൽ, സംശയംതോന്നിയ ഇവരിൽ ചിലർ ട്രാവൽസിൽ അന്വേഷിച്ചപ്പോഴാണ് ഖത്തറിലേക്കുള്ള ടിക്കറ്റാണ് ലഭിച്ചതെന്നും കബളിപ്പിക്കപ്പെട്ടതായും വ്യക്തമായത്. ഇതിനു പിന്നാലെയാണ് പരാതി നൽകിയത്.

Tags:    
News Summary - visa frauding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.