കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥൻ കോഴിക്കോട് മെഡി. കോളജ് പരിസരത്ത് മരിച്ച നിലയിൽ കണ്ട സംഭവത്തിൽ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഏപ്രിൽ ഒന്നിനാണ് ഡി.ജി.പി അനിൽകാന്ത് കേസ് ക്രൈംബ്രാഞ്ചിന് വിട്ട് ഉത്തരവായത്. ക്രൈംബ്രാഞ്ച് എസ്.പി കെ.കെ. മൊയ്തീൻകുട്ടിയുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി വി.എം. അബ്ദുൽ വഹാബാണിപ്പോൾ അന്വേഷണം ആരംഭിച്ചത്.
മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അസി. കമീഷണർ കെ. സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയിരുന്നത്. ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയിലെടുക്കാൻ പോലും തെളിവ് ലഭിക്കാത്തത് വലിയ വെല്ലുവിളിയായിരുന്നു.
പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. അന്വേഷണം വൈകുന്നത് തെളിവുകൾ പൂർണമായും നഷ്ടപ്പെടാൻ കാരണമാവുമെന്ന് കുടുംബവും വിവിധ സംഘടനകളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിലവിൽ കേസിന്റെ ഫയലുകൾ ഉൾപ്പെടെ അന്വേഷണ സംഘത്തിൽനിന്ന് ക്രൈംബ്രാഞ്ച് ഏറ്റുവാങ്ങിയിട്ടുണ്ട്. കുടുംബത്തിൽനിന്നുൾപ്പെടെ ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിക്കും. മാത്രമല്ല, സംഭവ സ്ഥലവും ഉദ്യോഗസ്ഥർ സന്ദർശിക്കും.
2023 ഫെബ്രുവരിയിലാണ് കൽപറ്റ അഡ് ലൈഡ് പാറവയലിലെ ആദിവാസി യുവാവ് വിശ്വനാഥൻ മെഡി. കോളജ് മാതൃശിശുസംരക്ഷണകേന്ദ്രത്തിന് മുന്നിലെ ഒഴിഞ്ഞ പറമ്പിലെ മരത്തിന് മുകളിൽ
തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാൻ ഐ.എം.സി.എച്ചിലെത്തിയതായിരുന്നു ഇദ്ദേഹം. ഫെബ്രുവരി 11ന് അർധരാത്രിയോടെ ഐ.എം.സി.എച്ച് പരിസരത്ത് വിശ്വനാഥനെ മോഷണം ആരോപിച്ച് ചിലർ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി ഉയർന്നിരുന്നു.
ഈ സംഭവത്തിന് ശേഷമാണ് വിശ്വനാഥനെ കാണാതായത്. ഫെബ്രുവരി 13നാണ് മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പൊലീസ് ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്തു. പിന്നീട് സംസ്ഥാന പട്ടികവർഗ കമീഷന്റെ നിർദേശത്തെ തുടർന്ന് പട്ടികജാതി-വർഗ പീഡന നിരോധനനിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. മോഷണ ആരോപണവുമായി ബന്ധപ്പെട്ട മാനസികപീഡനമാണ് ആത്മഹത്യക്ക് കാരണമായത് എന്നാണ് നിഗമനം.
കാണാതാവുന്നതിന് തൊട്ടുമുമ്പ് വിശ്വനാഥൻ പൊലീസ് കൺട്രോൾ റൂമിലേക്ക് രണ്ടുതവണ ഫോൺ ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.