കോഴിക്കോട്: കോവിഡ് പ്രതിരോധ വാക്സിൻ ബുക്കിങ് സാധാരണക്കാർക്ക് സാധിക്കുന്നില്ലെന്ന നിരന്തര പരാതിക്ക് പരിഹാരവുമായി ആരോഗ്യ വകുപ്പ്. ദാരിദ്ര്യ രേഖക്കു താഴെയുള്ളവർ, ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർ, സ്മാർട്ട്ഫോൺ, കമ്പ്യൂട്ടർ, ഇൻറർനെറ്റ് സൗകര്യങ്ങൾ ഇല്ലാത്തവർ എന്നിവർക്കായി വാർഡ് തലത്തിൽ രജിസ്ട്രേഷൻ നടത്താൻ പ്രത്യേക പരിപാടി സംഘടിപ്പിക്കും. 'കോവിൻ' പോർട്ടലിൽ പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമാണൊരുക്കുന്നത്. ഇവരുടെ വാക്സിൻ രജിസ്ട്രേഷൻ ജൂലൈ 31 ന് മുമ്പ് പൂർത്തിയായെന്ന് ആശ വർക്കർമാർ ഉറപ്പുവരുത്തണം.
ഓരോ പ്രദേശത്തേക്കും ജനസംഖ്യാനുപാതികമായാണ് വാക്സിൻ ലഭ്യമാക്കുന്നത്. എത്ര പേർക്ക് വാക്സിൻ നൽകാനുണ്ട് എന്നറിയാൻ കൂടിയാണ് രജിസ്ട്രേഷൻ നടപടികൾ വാർഡിലേക്കെത്തുന്നത്. പിന്നീട് ക്യാമ്പുകളിലും ആശുപത്രികളിലും വെച്ച് വാക്സിൻ നൽകും. വീടുകളിലോ പൊതു സ്ഥലങ്ങളിലോ ആശാ വർക്കർമാരുടെ നേതൃത്വത്തിൽ രജിസ്ട്രേഷൻ നടത്തും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, നഗര ആരോഗ്യ കേന്ദ്രങ്ങൾ, മറ്റ് ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയും രജിസ്ട്രേഷൻ സംഘടിപ്പിക്കും. പഞ്ചായത്ത് തലത്തിൽ നടത്തുന്ന വാക്സിനേഷൻ ക്യാമ്പുകളിൽ നിന്ന് കുത്തിവെപ്പ് എടുക്കാൻ നേരത്തേ ബുക്ക് ചെയ്യേണ്ടതില്ല. വാക്സിനേഷനായി കോവിൻ സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്ക് സ്പോട്ട് രജിസ്ട്രേഷനിലൂടെ ക്യാമ്പുകളിൽ നിന്ന് വാക്സിൻ നൽകും.
നേരത്തേ ജൂലൈ 15നു മുമ്പ് വാക്സിനേഷൻ പൂർത്തിയാക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നതെങ്കിലും ആവശ്യത്തിന് വാക്സിൻ ലഭിക്കാത്തതിനാൽ സംസ്ഥാനത്ത് പകുതി പേർക്ക് മാത്രമേ ഒരു ഡോസ് വാക്സിനെങ്കിലും നൽകാനായിരുന്നുള്ളൂ. നിലവിൽ 1.72 കോടിയോളം പേർക്കാണ് സംസ്ഥാനത്ത് വാക്സിൻ കുത്തിവെച്ചത്. 1.22 കോടിയോളം പേർ ആദ്യ ഡോസ് മാത്രം ലഭിച്ചവരാണ്. 50.25 ലക്ഷത്തോളം പേർക്ക് രണ്ട് ഡോസും ലഭിച്ചു. 1.27 കോടിയോളം പേർ ഒരു ഡോസും ലഭിക്കാത്തവരാണ്.
ഗർഭിണികൾക്കും വാക്സിനേഷൻ ആരംഭിച്ചിട്ടുണ്ട്. ഗർഭകാലത്തിെൻറ ഏതു ഘട്ടത്തിലും വാക്സിൻ സ്വീകരിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.