ഗാന്ധി റോഡ് റെയിൽവേ മേൽപാലത്തിനു സമീപം റോഡരികിൽ കുന്നുകൂടിക്കിടക്കുന്ന മാലിന്യം

ഗാന്ധിറോഡ് മേൽപാലത്തിനരികിൽ മാലിന്യനിക്ഷേപം; ശുചിത്വനഗരം പദ്ധതി കടലാസിൽ

കോഴിക്കോട്: 'ശുചിത്വനഗര'ത്തിൽ റോഡിനും റെയിൽവേ ട്രാക്കിനുമിടയിൽ മാലിന്യനിക്ഷേപം. ഗാന്ധിറോഡ് മേൽപാലത്തിന് സമീപമാണ് നഗരത്തിന്റെ ശുചിത്വത്തെ ബാധിക്കുംവിധം മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയത്. റെയിൽവേ ട്രാക്കിനോട് ചേർന്നാണ് പ്ലാസ്റ്റിക് കവറുകളിലാക്കി മാലിന്യം തള്ളുന്നത്. മഴ പെയ്യാൻ തുടങ്ങിയതോടെ ഇത് ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്നുണ്ട്.

നഗരസഭയുടെ 'ശുചിത്വനഗരം സുന്ദര നഗരം' കാമ്പയിൻ ഒരു ഭാഗത്ത് നടക്കുന്നതിനിടെയാണ് പൊതുസ്ഥലങ്ങളിൽ മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ രൂപപ്പെടുന്നത്. റെയിൽവേ ട്രാക്കിന് സമാന്തരമായി ഇത്തരം മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ പലയിടത്തായുണ്ട്. കോർപറേഷ‍ന്റെ ശുചീകരണം ഇതുവഴിയൊന്നുമെത്തുന്നില്ല.

മഴക്കാലപൂർവ ശുചീകരണത്തിൽ നീക്കംചെയ്തില്ലെങ്കിൽ ഇത് ചീഞ്ഞളിഞ്ഞ് നഗരം ദുർഗന്ധപൂരിതമാവും. കുടുംബശ്രീയുടെ നേതൃത്വത്തിൽ വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്ന പദ്ധതി പരാജയമാണെന്നാണ് നഗരത്തിലെ ഇത്തരം മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. വീടുകളിൽനിന്നും ഫ്ലാറ്റുകളിൽനിന്നും ഇത്തരം കേന്ദ്രങ്ങളിൽ മാലിന്യം തള്ളുന്നുണ്ട്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കാനും പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടി പിഴയീടാക്കാനും അധികൃതർ തയാറാവണമെന്ന് ആവശ്യമുയരുന്നുണ്ട്.

അതേസമയം, നഗരത്തിലൊരിടത്തും മാലിന്യം നിക്ഷേപിക്കാൻ കുട്ടകൾ ഇല്ലാത്തതിനാൽ പൊതുസ്ഥലങ്ങളിൽ ഇവ വലിച്ചെറിയൽ വ്യാപകമാണ്. ഇതിനുപുറമെയാണ് ഹരിത സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം പൊതുസ്ഥലങ്ങളിൽ കൂട്ടിയിടുന്നത്.

വെസ്റ്റ്ഹിൽ മാലിന്യപ്ലാന്‍റ് പ്രവർത്തനരഹിതമായതിനാലാണ് മാലിന്യം നീക്കംചെയ്യാൻ സാധിക്കാത്തതെന്നാണ് ഹരിതസേനക്കാർ പറയുന്നത്.

Tags:    
News Summary - Waste dump near Gandhi Road flyover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.