കോഴിക്കോട്: ആദ്യമഴക്കുതന്നെ വെള്ളം നിറഞ്ഞ മാനാഞ്ചിറ റോഡിലെ വെള്ളക്കെട്ട് തടയാൻ കോർപറേഷൻ അധികൃതർ പരിശോധന നടത്തി. വേനൽ മഴയിൽ വെള്ളക്കെട്ടായി മാറിയ മാനാഞ്ചിറ ലൈബ്രറിക്ക് എതിർ ഭാഗത്തുള്ള റോഡരികിലാണ് കോർപറേഷൻ കൗൺസിലർ എസ്.കെ. അബൂബക്കറിന്റെ നേതൃത്വത്തിൽ ആരോഗ്യ-എൻജിനീയറിങ് വിഭാഗം പരിശോധന നടത്തിയത്. സ്പോർട്സ് കൗൺസിൽ ഓഫിസിന് സമീപം ഫുട്പാത്തിനടിയിലെ ഓട തുറന്ന് പരിശോധിച്ചതിൽ നിറയെ മണ്ണടിഞ്ഞതായി കണ്ടെത്തി.
ഈ ഭാഗത്തുനിന്ന് ഓവുചാൽ എതിർദിശയിലേക്ക് കൊണ്ടുപോവാൻ കാലതാമസമെടുക്കുമെന്നതിനാൽ തൽക്കാലത്തേക്ക് മണ്ണ് മാറ്റാനാണ് തീരുമാനം. വ്യാഴാഴ്ച തന്നെ മണ്ണ് നീക്കിത്തുടങ്ങുമെന്ന് കൗൺസിലർ അറിയിച്ചു. ഇന്റർലോക്ക് മാറ്റി മണ്ണ് അടിയന്തരമായി മാറ്റും.
രണ്ടാം ഗേറ്റിനടുത്തേക്കാണ് ഈ ഭാഗത്തുനിന്ന് ഓവുചാൽ പോവുന്നത്. എൻജിനീയർമാരായ സജിത്, സഹിത, ഹെൽത്ത് ഇൻസ്പെക്ടർ ബിജു ജയറാം, വിനോദ് തുടങ്ങിയവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
എൽ.ഐ.സി ബസ് സ്റ്റോപ്, മിഠായിത്തെരുവിലെ ഇരിപ്പിടങ്ങൾ, ലൈബ്രറിക്ക് എതിർവശം എന്നിവിടങ്ങളിലെല്ലാം അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നു. മിഠായിത്തെരുവ് നവീകരണത്തിന് ശേഷം തുടങ്ങിയതാണ് ഇവിടെ വെള്ളം കെട്ടിക്കിടന്നുള്ള ദുരിതം. പട്ടാളപ്പള്ളി മുതൽ ടൗൺഹാൾ വരെ റോഡ് കോർപറേഷന്റേതും ടൗൺഹാളിന് മുന്നിലുള്ളത് പൊതുമരാമത്ത് വകുപ്പിന്റേതുമാണ്.
മതിയായ ഓവുചാലില്ലാത്തതിനാൽ ഈ റോഡുകളെല്ലാം ഈ മഴക്കാലത്തും വെള്ളത്തിലാവുമെന്ന് ഉറപ്പായി. മലിനജലം കെട്ടിക്കിടക്കുന്നത് കടുത്ത ആരോഗ്യ പ്രശ്നവുമുണ്ടാക്കുന്നുണ്ട്. മാനാഞ്ചിറയിൽ വിപുലമായ ഓവുചാൽ പണിയാൻ പദ്ധതിയുണ്ട്. വിപുലമായ ഓട നിർമാണത്തിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞാൽ ടെൻഡർ വിളിക്കുമെന്നാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.