ചാലിയം: കപ്പലങ്ങാടിക്കും കടലുണ്ടി കടവിനുമിടയിൽ കടൽക്ഷോഭം തുടരുന്നു. വീട്ടുകാർ ഒഴിഞ്ഞു പോവേണ്ട സാഹചര്യം ഇപ്പോഴില്ലെങ്കിലും ഇതേനില തുടർന്നാൽ തീരവാസികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കേണ്ടതായിവരും. കടൽഭിത്തിക്കും മുകളിൽ തിരമാല ശക്തമായതോടെ വീടുകളിലേക്ക് കയറുന്ന വെള്ളം ഒഴിഞ്ഞു പോവുന്നില്ല.
കാലവർഷത്തിനു മുന്നോടിയായി തകർന്ന കടൽഭിത്തി പുനർനിർമിക്കാൻ ഇറിഗേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നതായി പഞ്ചായത്ത് അധികൃതർ പറയുന്നു. വർഷംതോറും ആവശ്യമുന്നയിക്കാറുണ്ടെങ്കിലും ഭിത്തി കെട്ടി സംരക്ഷിക്കാൻ അധികൃതർ പലപ്പോഴും തയാറാവാത്തതാണ് കാരണമായി പറയുന്നത്. തിരമാലകളുടെ ശക്തിയേറിയ താണ്ഡവത്തിൽ കരിങ്കൽ ഭിത്തികൾ കടലിൽ പതിക്കുകയാണ്. കടലിന്റെ അടിഭാഗത്തേക്ക് കരിങ്കൽ ഭിത്തികൾ താഴ്ന്നുപോകുമ്പോഴാണ് ഭിത്തിക്ക് ഉയരക്കുറവ് സംഭവിക്കുന്നത്.
ഇങ്ങനെ യഥാസമയം ഭിത്തി കെട്ടി പൊക്കിയാൽ ഒരു പരിധിവരെ കടൽക്ഷോഭത്തെ നേരിടാൻ ആകുമെന്നാണ് വിലയിരുത്തൽ. കടൽക്ഷോഭം രൂക്ഷമായാൽ തീരദേശ നിവാസികളെ കുടിയൊഴിപ്പിക്കേണ്ടിവന്നാൽ ഷെൽട്ടറിലേക്ക് മാറ്റാനാണ് ആലോചിക്കുന്നതെന്ന് കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ അറിയിച്ചു. അല്ലാതെ സാധാരണപോലെ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കാൻ സാധ്യതയില്ലെന്നും പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.