കോഴിക്കോട്: നഗരത്തിൽ ഭീതിപരത്തുന്ന കാട്ടുപന്നികളിൽ ഒരെണ്ണത്തെ ചൊവ്വാഴ്ച വീണ്ടും കണ്ടെത്തിയെങ്കിലും വെടിവെച്ചു കൊല്ലാൻ ഷൂട്ടർമാർ എത്തുമ്പോഴേക്കും കടന്നുകളഞ്ഞു. പാറോപ്പടി വാർഡിൽപെട്ട ക്രൈസ്റ്റ് ഹാൾ ഭാഗത്താണ് രാവിലെ പന്നിയെ കണ്ടെത്തിയത്. ഫോറസ്റ്റിന്റെ റാപിഡ് റെസ്പോൺസ് ടീം എത്തുമ്പോഴേക്കും പന്നി കടന്നുകളഞ്ഞു.
നാലു മണിക്കൂറോളം പന്നി ഈ ഭാഗത്തുണ്ടായിരുന്നതായി കൗൺസിലർ കെ.സി. ശോഭിത അറിയിച്ചു. ചൊവ്വാഴ്ച ഒമ്പതു മണിയോടെയാണ് പന്നിയെ കണ്ടെത്തിയത്. ജില്ല കലക്ടറെയടക്കം വിവരമറിയിച്ചതിനെ തുടർന്നാണ് വെടിവെക്കാനുള്ള വനംവകുപ്പ് സംഘം എത്തിയത്. കക്കയത്തുനിന്ന് സംഘം എത്തുമ്പോഴേക്കും പന്നി എവിടെയോ ഒളിച്ചു. കഴിഞ്ഞ ദിവസം കാരപ്പറമ്പ് വാർഡിൽ നടക്കാവ് ഭാഗത്ത് കണ്ടതിനോട് പാറോപ്പടി വാർഡിൽ കണ്ട പന്നിക്ക് സാമ്യമില്ലെന്നാണ് പറയുന്നത്. കൂടുതൽ കറുപ്പ് നിറമുള്ളതിനെയാണ് ചൊവ്വാഴ്ച കണ്ടത്. ഇതോടെ കൂടുതൽ പന്നികൾ ഈ ഭാഗത്ത് വിഹരിക്കുന്നതായാണ് അനുമാനം. തെരഞ്ഞെടുപ്പായതിനാൽ തോക്കുകൾക്ക് നിയന്ത്രണമുള്ളതിനാലാണ് നഗരപരിസരത്ത് തന്നെയുള്ള ഷൂട്ടർമാർക്ക് പെട്ടെന്ന് ഇടപെടാനാകാത്തത്. പന്നിയെ കണ്ടാൽ വെടിവെക്കാനുള്ള കോർപറേഷൻ ഉത്തരവ് നിലവിലുണ്ട്.
ക്രൈസ്റ്റ് ഹാൾ കോൺവെന്റിന് പിറകിലാണ് പന്നിയെ ചൊവ്വാഴ്ച കണ്ടത്. തുടർന്ന് ശ്മശാനത്തിനടുത്തേക്കാണ് ഓടിയത്. കാരപ്പറമ്പ്, പാറോപ്പടി വാർഡിന് പുറമെ സിവിൽ സ്റ്റേഷൻ വാർഡിലും പന്നിശല്യം രൂക്ഷമാണ്. ഇവിടെ മുള്ളൻപന്നികളും നാശമുണ്ടാക്കുന്നതായി കൗൺസിലർ എം.എൻ. പ്രവീൺ പറഞ്ഞു. കുറച്ച് ദിവസമായി കോട്ടൂളി മീൻപാലക്കുന്ന് ഭാഗത്താണ് പന്നികളുടെ അഴിഞ്ഞാട്ടം. വീടുകളിലും ആളുകൾക്കിടയിലേക്കും പന്നികൾ എത്തുന്നു. കോട്ടൂളി ചുള്ളിയോട് റോഡ്, സിവിൽ സ്റ്റേഷൻ മധുരവനം റോഡ്, ചേവരമ്പലം തുടങ്ങി 10 കിലോമീറ്റർ സ്ഥലത്തിനുള്ളിൽ പന്നികൾ വിഹരിക്കുന്നതായാണ് പരിസരവാസികളുടെ പരാതി. കോട്ടൂളി തണ്ണീർത്തട മേഖലയിൽപെട്ട സ്ഥലങ്ങൾ കാട്ടുപന്നിക്ക് ഏറെ ഇഷ്ടമുള്ള കേന്ദ്രങ്ങളാണ്. ഈ ഭാഗത്തുനിന്ന് എരഞ്ഞിപ്പാലം, നടക്കാവ് ഭാഗത്തേക്ക് എളുപ്പം കടക്കാനാവും. കോട്ടൂളി വാർഡിൽ വീട്ടുവളപ്പിൽ ഇറങ്ങിയ എട്ടു പന്നികളിൽ 50ഉം 60ഉം കിലോ തൂക്കം വരുന്ന രണ്ട് ആൺപന്നികളെ വനംവകുപ്പ് പാനലിൽപെട്ട ഷൂട്ടർ മാസങ്ങൾക്കുമുമ്പ് വെടിവെച്ചു കൊന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.