കോഴിക്കോട്: തെളിഞ്ഞ വെള്ളം പതഞ്ഞൊഴുകുന്ന കനോലി കനാൽ. രണ്ടുവശവും ഭിത്തി കെട്ടി വശങ്ങളിൽ നടപ്പാതയും തണൽമരങ്ങളും ഇരിപ്പിടവും. തീർന്നില്ല. കനാലിലൂടെ സദാ സഞ്ചരിക്കുന്ന ബോട്ടുകൾ... കോഴിക്കോട്ടുകാർക്കു മുന്നിൽ കാലാകാലങ്ങളിൽ ഭരണാധികാരികൾ വാഗ്ദാനം ചെയ്യുന്ന സ്വപ്നങ്ങളിലൊന്നാണിത്. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും ആളുകൾ നടക്കാനും ഉല്ലസിക്കാനും ഇരിക്കാനുമെല്ലാം കൂട്ടത്തോടെ എത്തുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായി കനോലി കനാൽ തീരം മാറുന്നത് കാണാൻ അടുത്ത തലമുറക്കെങ്കിലും ഭാഗ്യമുണ്ടാകുമോ?
ഈ സ്വപ്നത്തിലെ മുഖ്യ 'കഥാപാത്ര'മായ കനാലിെൻറ ഇന്നത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. കനാൽ വീണ്ടും കാടുമൂടിയതോടെ ആളുകൾ മാലിന്യം തള്ളാനും മലിനജലം ഒഴുക്കാനും തുടങ്ങി. ജനകീയ പങ്കാളിത്തത്തോടെ മാലിന്യം നീക്കി ജലപാത പദ്ധതിയിലുൾപ്പെടുത്തി അടുത്തിടെ ആഴം കൂട്ടിയ കനാലാണിപ്പോൾ തിരിഞ്ഞുനോക്കാനാളില്ലാതെ നശിക്കുന്നത്. കോർപറേഷെൻറ നിയന്ത്രണത്തിലുള്ളതല്ലെങ്കിലും വിവിധ വാർഡുകളിലൂടെ കടന്നുപോകുന്നതിനാൽ കനോലി കനാലും തെരഞ്ഞെടുപ്പിലെ ചൂടേറിയ ചർച്ചയാണ്. ഇതിനകം കോടിക്കണക്കിന് രൂപയാണ് കനാലിെൻറ നവീകരണത്തിനായി വിവിധ ഘട്ടങ്ങളിലായി 'വെള്ളത്തിലൊഴുക്കിയത്'.
കഴിഞ്ഞ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ െതളിഞ്ഞ വെള്ളം ഒഴുകിയ കനാലിലിപ്പോൾ പായൽ നിറഞ്ഞിരിക്കയാണ്. ഒഴുക്ക് നിലച്ചതോടെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽനിന്ന് ദുർഗന്ധം വമിക്കുന്നു. കൊതുകുവളർത്തൽ കേന്ദ്രം കൂടിയാണിത്. പല ഭാഗത്തും പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യവും തള്ളുന്നു.
'ഓപറേഷൻ കനോലി കനാൽ' എന്ന പേരിൽ ജില്ല ഭരണകൂടം, കോഴിക്കോട് നഗരസഭ, വേങ്ങേരി നിറവ് എന്നിവയുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ നേരത്തേ കനാൽ ശുചീകരിച്ച് ആറുമാസംകൊണ്ട് 2513 ചാക്ക് മാലിന്യം മാറ്റിയിരുന്നു. കല്ലായിപ്പുഴ മുതൽ കോരപ്പുഴ വരെയുള്ള കനാലിെൻറ 11.2 കിലോമീറ്റർ ഭാഗം എട്ടു സെക്ടറുകളാക്കി തിരിച്ച് ശുചീകരണ ചുമതല വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും ഏൽപിച്ചു. പിന്നീടാണ് ജലപാത പദ്ധതിയിലുൾപ്പെടുത്തി അരക്കോടിയോളം രൂപ ചെലവഴിച്ച് ബോട്ട് സർവിസിനുതകുന്ന തരത്തിൽ ആഴംകൂട്ടി ഒഴുക്ക് വീണ്ടടുക്കാൻ പദ്ധതി നടപ്പാക്കിയത്.
2019ൽ െകാച്ചിയിലെ മാറ്റ്പ്രോപ് ടെക്നിക്കൽ സർവിസാണ് കരാർ ഏറ്റെടുത്തത്. ഇവർ ഫ്ലോട്ടിങ് എക്സ്കവേറ്റർ, അക്വാട്ടിക് വീഡ് ഷ്രഡർ, വീഡ് ഹാർവെസ്റ്റർ, സിൽട്ട് പുഷർ എന്നിവ ഉപയോഗിച്ചാണ് പായലും ചളിയും നീക്കി ആഴം കൂട്ടിയത്. കനാൽ കല്ലായിപ്പുഴയുമായി ചേരുന്ന ഭാഗത്ത് നേരത്തേ വലിയ അളവിൽ മണൽക്കൂന രൂപപ്പെട്ടിരുന്നു.
ഇവ നീക്കി കനാലിലേക്കുള്ള വെള്ളത്തിെൻറ ഒഴുക്ക് വീണ്ടെടുക്കുകയും ചെയ്തു. കോവിഡ് തുടക്ക കാലമായ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കനാലിൽ തെളിഞ്ഞ െവള്ളമാണ് ഒഴുകിയത്. എന്നാൽ, തുടർപ്രവർത്തനങ്ങൾ ഇല്ലാതായതോടെയാണ് കനാൽ വീണ്ടും നാശത്തിെൻറ വക്കിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.