നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി യൂത്ത് ലീഗ്. മലയോര മേഖലയിൽ ആദിവാസികൾ ഉൾപ്പെടെ നൂറുകണക്കിന് സാധാരണക്കാർ ദിനംപ്രതി ആശ്രയിക്കുന്ന നാദാപുരം താലൂക്ക് ആശുപത്രിയെ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസാക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന് യൂത്ത് ലീഗ് ആരോപിച്ചു.
നാദാപുരം താലൂക്ക് ആശുപത്രിക്ക് കൊലക്കയറിടുന്ന നീക്കം തടയണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തക തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി.
കരാർ അടിസ്ഥാനത്തിൽ നിലവിൽ ജോലിചെയ്യുന്ന പരിചയസമ്പന്നരായ ഉദ്യോഗാർഥികളെ പിരിച്ചുവിട്ട് പകരക്കാരായി പാർട്ടി പ്രവർത്തകരെ തിരുകിക്കയറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. വർഷങ്ങളായി ജോലി ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെ ആശുപത്രി ഭരണച്ചുമതലയുള്ള തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുതന്നെ ഹോസ്പിറ്റലിന് കൊലക്കയർ ഇടുകയാണ്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ അവസാന നാളിൽ മലബാർ പാക്കേജിൽ ഉൾപ്പെടുത്തി ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം പണിത് നൂറിലേറെ കിടക്കകൾ ഒരുക്കിയിട്ടും പാവപ്പെട്ട രോഗികൾക്ക് ചികിത്സ നിഷേധിച്ച് സ്വകാര്യ ആശുപത്രിയിലേക്കും മറ്റും പറഞ്ഞയക്കുന്ന നിരുത്തരവാദസമീപനം തുടർക്കഥയാവുകയാണ്.
നാദാപുരം താലൂക്ക് ആശുപത്രിക്കെതിരെ നിരന്തരമായുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ വകുപ്പ് മന്ത്രി നേരിട്ട് എത്തി നടത്തിയ പരിശോധനക്ക് ശേഷം പരാതിയിൽ കഴമ്പുണ്ടെന്നും തലസ്ഥാനത്ത് തിരിച്ചെത്തിയ ഉടൻ തുടർ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയിട്ടും മന്ത്രിയുടെ വാക്കും പാഴ്ക്കായി മാറിയിരിക്കുകയാണ്.
ആധുനിക ഒ.പി, അത്യാഹിത വിഭാഗം, ഓപറേഷൻ തിയറ്റർ, ലേബർ റൂം, ഫാർമസി, ലബോറട്ടറി, എക്സ് റേ തുടങ്ങി മേഖലയിലെ സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങൾ എല്ലാം ഉണ്ടായിട്ടും ഇതൊന്നും വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ ജീവനക്കാർ ശ്രമിക്കാറില്ലെന്നും യൂത്ത് ലീഗ് ആരോപിച്ചു.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം. ഹംസ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ. ഹാരിസ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ. മൂസ, ഹാരിസ് കൊത്തിക്കുടി, കെ.പി.സി. തങ്ങൾ, എം.കെ. സമീർ, എ.എഫ്. റിയാസ്, അൻസാർ ഓറിയോൺ, അജ്മൽ, സി. ഫാസിൽ, ഇ.വി. അറഫാത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.