മലപ്പുറം: ചൈൽഡ് ഹെൽപ് ലൈൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ജീവനക്കാരെ നിയമിച്ചതിൽ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം. ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികൾക്ക് അത്താണിയായിരുന്ന ചൈൽഡ് ലൈൻ പ്രവർത്തനം ദേശീയതലത്തിൽ അവസാനിപ്പിച്ച് സംസ്ഥാന സർക്കാറിന് കീഴിൽ ജില്ല ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ വന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് ചൈൽഡ് ഹെൽപ് ലൈൻ. തുടക്കം മുതലേ പലവിധ ആശങ്കകൾ നിറഞ്ഞ പദ്ധതിയിൽ സ്റ്റാഫ് റിക്രൂട്ട്മെന്റ് കഴിഞ്ഞതോടെ വ്യാപക ക്രമക്കേടാണ് നടന്നതെന്ന ആക്ഷേപം ഉയരുന്നു. തെരഞ്ഞെടുത്ത വിവിധ തസ്തികയിൽ നിലവിൽ അഭ്യസ്തവിദ്യരും പ്രവൃത്തി പരിചയമുള്ളവരുമായ ചൈൽഡ്ലൈൻ ജീവനക്കാരുണ്ടായിരിക്കെ ഇഷ്ടക്കാരെ തിരുകിക്കയറ്റി എന്നതാണ് പ്രധാനമായി ഉയരുന്ന ആക്ഷേപം.
നിലവിലെ ജീവനക്കാർക്ക് മുൻഗണന നൽകണമെന്ന കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നിർദേശം മറികടന്നാണ് ക്രമക്കേട് നടന്നതെന്ന് പറയുന്നു. ഒമ്പത് ജില്ലകളിലെ റാങ്ക് ലിസ്റ്റ് വന്നതിൽ മലപ്പുറത്ത് മാത്രമാണ് പ്രോജക്റ്റ് കോ ഓഡിനേറ്റർ, കൗൺസിലർ എന്നീ തസ്തികയിൽ ഇഷ്ടക്കാരെ നിയമിച്ചത്. ജില്ലയിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിലെ നിലവിലെ ജീവനക്കാരിയെ ഡബ്ല്യു.സി.ഡിയുടെ (വുമൺ ആൻഡ് ചൈൽഡ് െഡവലപ്മെന്റ്) മാർഗനിർദേശത്തിലെ മാനദണ്ഡങ്ങളെ കാറ്റിൽ പറത്തി കോ ഓഡിനേറ്റർ പോസ്റ്റിലേക്ക് തെരഞ്ഞെടുത്തപ്പോൾ ചൈൽഡ് ലൈൻ ജീവനക്കാരെ സൂപ്പർവൈസർ, കേസ് വർക്കർ എന്നീ തസ്തികയിലേക്ക് ഒതുക്കി.
നിരാലംബരായ കുട്ടികൾക്ക് കൈത്താങ്ങാകേണ്ട പദ്ധതിയിൽ ഇഷ്ടക്കാരെ നിയമിക്കുന്നതോടെ സംവിധാനത്തിൽ സാധാരണക്കാരന് പ്രതീക്ഷ നഷ്ടപ്പെടാനും പോക്സോ അടക്കം ഗൗരവ സ്വഭാവമുള്ള പല കേസുകളിലും നീതി നിഷേധിക്കാനും സാധ്യതയുണ്ട്. റാങ്ക് ലിസ്റ്റ് വന്ന ജില്ലകളിലെല്ലാം അപേക്ഷിച്ച എല്ലാ ചൈൽഡ്ലൈൻ ജീവനക്കാരും ജോലി ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ, മലപ്പുറത്ത് മാത്രം പ്രധാനപ്പെട്ട കോ ഓഡിനേറ്റർ, കൗൺസലർ പോസ്റ്റുകളിൽ സ്വന്തക്കാരെ തിരുകിക്കയറ്റുകയായിരുന്നെന്ന് ബാലാവകാശാ പ്രവർത്തകർ ആരോപിക്കുന്നു. പ്രോജക്ട് കോ ഓഡിനേറ്റർ, കൗൺസിലർ അടക്കം പകുതിയോളം പേർക്ക് മലപ്പുറത്ത് ജോലി നഷ്ടമായി.
പുതുതായി നിയമിതയായ കോ ഓഡിനേറ്റർ പ്ലസ് ടു യോഗ്യതയിൽ ഔട്ട് റീച്ച് വർക്കറായി 2017ലാണ് ഡി.സി.പി.യുവിൽ നിയമിതയാകുന്നത്. പിന്നീട് വിദൂര വിദ്യാഭ്യാസ പഠനത്തിലൂടെ ബി.കോം, എം.എസ്.ഡബ്ല്യു കരസ്ഥമാക്കി. പുതിയ പ്രോജക്ട് കോ ഓഡിനേറ്റർക്ക് ‘ശരണ ബാല്യം’ പദ്ധതിയിൽ ഏതാനും മാസം മാത്രമാണ് പ്രവൃത്തി പരിചയം. അങ്ങനെയുള്ള അവരെ എന്ത് അടിസ്ഥാനത്തിലാണ് പ്രോജക്ട് കോ ഓഡിനേറ്ററായി നിയമനം നൽകിയതെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ചോദിക്കുന്നു. വിഷയത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മുൻ ചൈൽഡ് ലൈൻ പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.