താനൂർ: ഫിഷറീസ് മേഖലയിലെ വിദ്യാലയങ്ങളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ഫിഷറീസ് - കായിക മന്ത്രി വി. അബ്ദുറഹിമാൻ. 2021-22 വര്‍ഷത്തില്‍ എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള 'മികവ് 2022' വിദ്യാഭ്യാസ അവാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം താനൂര്‍ ടീവീസ് ഹാളില്‍ നിർവഹിക്കുകയായിരുന്നു മന്ത്രി.
തീരദേശ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുള്ള സഹായം ചെയ്തുകൊടുത്ത് മുന്നോട്ടുകൊണ്ടുവരാൻ രക്ഷിതാക്കളും നാട്ടുകാരും ശ്രദ്ധിക്കണം. മത്സ്യമേഖലയിലെ പരിഷ്കാരങ്ങൾ ഉൾക്കൊള്ളാനും അവ ഉപയോഗപ്പെടുത്താനും തീരദേശത്തുള്ളവർ തയാറാവണം. മണ്ണെണ്ണ എൻജിൻ ഉപയോഗിക്കുന്ന വള്ളങ്ങൾക്ക് പകരം പെട്രോളോ ഡീസലോ ഉപയോഗിച്ചോടുന്ന വള്ളങ്ങൾ ഉപയോഗിക്കണം. എൻജിൻ മാറ്റാൻ 40 ശതമാനം സബ്സിഡി ഇപ്പോൾ നൽകി വരുന്നുണ്ട്. അടുത്ത ബജറ്റിൽ അത് വർധിപ്പിക്കും.
ആഴക്കടൽ മത്സ്യബന്ധനത്തിനായി 25 മീറ്റർ നീളമുള്ള 10 പുതിയ യാനങ്ങൾ ഉടൻ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. 17.50 ലക്ഷം രൂപയുടെ അവാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനമാണ് താനൂരിൽ മന്ത്രി നിർവഹിച്ചത്. മലപ്പുറം ജില്ലയിൽ ആകെ 44 വിദ്യാർഥികൾ കാഷ് അവാർഡിനും ഫലകത്തിനും അർഹരായി.
പുറത്തൂരിൽ തോണി മറിഞ്ഞ് മരിച്ച മത്സ്യത്തൊഴിലാളികളുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി മൗനം ആചരിച്ചുകൊണ്ടാണ് പരിപാടി ആരംഭിച്ചത്. മത്സ്യഫെഡ് ചെയര്മാന് ടി. മനോഹരന് അധ്യക്ഷത വഹിച്ചു.
മത്സ്യബോര്‍ഡ് ചെയര്മാന് കൂട്ടായി ബഷീര്‍ വിശിഷ്ടാതിഥിയായി. മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. മത്സ്യഫെഡ് ജില്ല മാനേജർ ഇ. മനോജ്, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ സി.പി. രാമദാസ്, രഘുനാഥൻ, കാറ്റാടി കുമാരൻ, പൊന്നാനി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഫിഷറീസ് ബേബി ഷീജ, കെ. ബൈജു, പി.പി. സെയ്തലവി, കെ.എ. റഹീം, ഹുസൈൻ ഈസ് പാടത്ത്, മുസ്തഫ വടക്കയിൽ എന്നിവർ പങ്കെടുത്തു. തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍നിന്നുള്ള ആദ്യ ഡോക്ടറായ സുല്‍ഫത്തിനെയും കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് ബി.എ ഇസ്ലാമിക് ഹിസ്റ്ററിയിൽ നാലാം റാങ്ക് നേടിയ റിസ്വാന റിസ്മാനെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.