മലപ്പുറം: മലപ്പുറത്ത് കോൺഗ്രസിന്റെ എസ്.പി ഓഫിസ് മാർച്ചിനിടെ സംഘർഷം. പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിലും ലാത്തിച്ചാർജിലും നിരവധി പ്രവർത്തകർക്ക് പരിക്ക്. കോൺഗ്രസ് നേതാക്കൾക്കെതിരെ പിണറായി സർക്കാറിന്റെ നിർദ്ദേശ പ്രകാരം പൊലീസ് കള്ളക്കേസുകൾ എടുക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ മാർച്ച്.
ചൊവ്വാഴ്ച രാവിലെ 11.30ഓടെ ഡി.സി.സി ഓഫിസിൽ ആരംഭിച്ച മാർച്ച് എസ്.പി ഓഫിസിലേക്കുള്ള റോഡിൽ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടക്കത്തിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമം നടത്തിയെങ്കിലും നേതാക്കളുടെ പ്രസംഗം തുടങ്ങിയപ്പോൾ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. തുടർന്ന് മാർച്ചിൽ നേതാക്കൾ സംസാരിച്ച് കഴിഞ്ഞ ഉടൻ കോൺഗ്രസ് പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തി ബാരിക്കേഡുകൾ തള്ളിമാറ്റാൻ ശ്രമം നടത്തി. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ച് പ്രവർത്തകരെ വിരട്ടി ഓടിക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പ്രതിഷേധം തീർത്ത് നിലയുറപ്പിച്ചു.
ഇതിനിടെ ബാരിക്കേഡിനു മുകളിൽ നിന്ന് താഴേക്ക് വീണ രണ്ട് കെ.എസ്.യു പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലിയതോടെ പ്രവർത്തകർ കൂടുതൽ പ്രകോപിതരായി.പൊലീസ് ലാത്തി വീശിയതോടെ ഇരുകൂട്ടരും തമ്മിൽ സംഘർഷമായി. ഉച്ചക്ക് ഒന്ന് വരെ എസ്.പി ഓഫിസിന് മുന്നിൽ സംഘർഷാവസ്ഥ നിലനിന്നു. ഇതിനിടെ പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ചവരെ പൊലീസ് വീണ്ടും മർദിച്ചു.
മർദനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ഷാജി പാച്ചേരി അടക്കമുള്ളവർക്ക് പരിക്കേറ്റു. തുടർന്ന് ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി, അനിൽ കുമാർ എം.എൽ.എ, ആര്യാടൻ ഷൗക്കത്ത് തുടങ്ങിയ നേതാക്കൾ പ്രവർത്തകരെ അനുനയിപ്പിക്കുകയായിരുന്നു. മാർച്ച് എ.പി. അനിൽ കുമാർ എം.എൽ.എ ഉദ്ഘടനം ചെയ്തു.
ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, പി.എ. സലീം, ആലിപ്പറ്റ ജമീല, കെ.പി.സി.സി സെക്രട്ടറിമാരായ നൗഷാദ് അലി, ബാബുരാജ്, കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി വി.എ. കരീം, മഹിള കോൺഗ്രസ് നേതാവ് ഫാത്തിമ റോഷ്ന, യു.ഡി.എഫ് ജില്ല ചെയർമാൻ അജയ് മോഹൻ തുടങ്ങിയവർ സംബന്ധിച്ചു.
മലപ്പുറം: അടിച്ചു തലപൊട്ടിച്ച് പൊലീസ് വണ്ടിയിൽ കയറ്റിയ കോൺഗ്രസ് പ്രവർത്തകരെ ആശുപത്രിയിൽ എത്തിക്കാൻ കൂട്ടാക്കാതെ പൊലീസ് വൈകിപ്പിച്ചതായി ആക്ഷേപം.ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിക്കുന്നതിനിടെ ലാത്തികൊണ്ട് അടിച്ച് താഴേക്ക് വീഴ്ത്തി മർദിച്ച പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് വാഹനത്തിനുള്ളിൽ ഇരുത്തിയതാണ് മറ്റു പ്രവർത്തകരുടെ രോഷത്തിനിട വരുത്തിയത്.
തലയിൽ നിന്ന് ചോരയൊലിക്കുന്ന പ്രവർത്തകരെ ഉടനെ ആശുപത്രിയിലെത്തിക്കാൻ പറഞ്ഞപ്പോൾ മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ വാഹനം എടുക്കാൻ പറ്റില്ലെന്നായിരുന്നു പൊലീസ് നിലപാട്.എന്നാൽ കൂടി നിന്ന പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചപ്പോഴാണ് പൊലീസ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
മലപ്പുറം: കോൺഗ്രസിന്റെ എസ്.പി ഓഫിസ് മാർച്ചിൽ പൊലീസ് നടത്തിയ ലാത്തിചാർജിൽ 14 പ്രവർത്തകർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, സംസ്ഥാന സെക്രട്ടറി നിതീഷ് പള്ളിക്കൽ, ജില്ല പ്രസിഡന്റ് ഷാജി പാച്ചേരി, കെ.എസ്.യു ജില്ല പ്രസിഡന്റ് ഇ.കെ. അൻഷിദ്, റിനോ കുര്യൻ, ഷാജി കാട്ടുപ്പാറ, അനീഷ് അങ്ങാടിപ്പുറം, വി.വി. ബാബു, മുസ്തഫ വടമുക്ക്, ഷാജഹാൻ വടക്കാങ്ങര, ഫർഹാൻ പൂക്കോടൻ, ജനാർദനൻ, ഫയാസ്, മുഹമ്മദലി എന്നിവർക്കാണ് പരിക്കേറ്റത്. മാർച്ചിന്റെ ഭാഗമായി കണ്ടാലറിയുന്ന 100ഓളം പേർക്കെതിരെ കേസെടുത്തതായും മലപ്പുറം പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.