മലപ്പുറം: മലപ്പുറം നഗരസഭയിലും കോഡൂർ, പൊൻമള, കൂട്ടിലങ്ങാടി പഞ്ചായത്തുകളിലും ഓടുന്ന ഓട്ടോറിക്ഷകളിലെ ഫെയർ മീറ്റർ സീല്‍ ചെയ്യുന്നതിനു വേണ്ടിയുള്ള നാട് ചുറ്റലിന് പരിഹാരമാകുന്നു. ഈ തദ്ദേശ സ്ഥാപനങ്ങളിൽ ഓടുന്ന ഓട്ടോറിക്ഷകളിലെ ഫെയർ മീറ്റർ ഇവിടങ്ങളിൽ നിന്ന് തന്നെ വർഷത്തിൽ ഒരു തവണ പുനഃപരിശോധന നടത്തി മുദ്ര പതിപ്പിപ്പിച്ചു നൽകുന്നതിന് അനുമതിയായി.
ഓട്ടോ ഡ്രൈവറും കോഡൂർ പഞ്ചായത്ത് മുൻ അംഗവുമായ മച്ചിങ്ങൽ മുഹമ്മദ് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. ത്രാസ് അടക്കമുള്ള മറ്റു അളവ് തൂക്ക ഉപകരണങ്ങൾ പുനഃപരിശോധന നടത്തി മുദ്ര വെക്കുന്നതിന് നഗരസഭയിലും പഞ്ചായത്തുകളിലും ലീഗൽ മെട്രോളജി ജീവനക്കാർ എത്തി പ്രത്യേക ക്യാമ്പുകൾ നടത്തുന്നുണ്ട്.
ഇനി മുതൽ ഇതോടൊപ്പം ഇവിടങ്ങളിൽ ഓട്ടോറിക്ഷകളുടെ ഫെയർ മീറ്റർ പുനഃപരിശോധന കൂടി നടത്തി മുദ്ര പതിപ്പിക്കുന്നതിനാണ് അനുമതി. ഇതോടെ ഒട്ടോറിക്ഷ ഫെയർ മീറ്റർ സീലിങിന് ദൂരെ പോകുന്നവർക്ക് വലിയ ആശ്വാസമാവും. ടാക്സി ഓട്ടോറിക്ഷകൾ എല്ലാ വർഷവും ഫിറ്റ്നസ് (ബ്രെയ്ക്) എടുക്കുകയും, ഫെയർ മീറ്റർ സീല്‍ ചെയ്യുകയും വേണം. ഫിറ്റ്നസ് ലഭിക്കണമെങ്കിൽ ഫെയർ മീറ്റർ സീൽ ചെയ്ത രേഖകളും ഹാജരാക്കേണ്ടതുണ്ട്.
എ.ബി.സി.ഡി എന്നിങ്ങനെ നാല് ക്വാർട്ടറുകൾ കണക്കാക്കിയാണ് ഫെയർ മീറ്റർ സീല്‍ ചെയ്യുന്നത്. എ ക്വാര്‍ട്ടര്‍ ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയും ബി ക്വാര്‍ട്ടര്‍ ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയും സി ക്വാര്‍ട്ടര്‍ ജൂലൈ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയും ഡി ക്വാര്‍ട്ടര്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുമാണ്.
മലപ്പുറം നഗരസഭയിൽ ഓടുന്ന ഓട്ടോറിക്ഷകൾ 12 കിലോ മീറ്റർ അകലെ മഞ്ചേരി ലീഗൽ മെട്രോളജി ഓഫീസിലും കോഡൂർ , കൂട്ടിലങ്ങാടി പഞ്ചായത്തുകളിൽ ഓടുന്നവ 22 കിലോ മീറ്റർ അകലെ പെരിന്തൽമണ്ണ ഓഫീസിലും, പൊൻമള പഞ്ചായത്തിലെ ഓട്ടോറിക്ഷകൾ 25 കിലോ മീറ്റർ അകലെ തിരൂർ ലീഗൽ മെട്രോളജി ഓഫീസിലുമാണ് ഫെയർ മീറ്റർ സീല്‍ ചെയ്യുന്നതിന് ഫെയർ മീറ്റർ ഘടിപ്പിച്ച വാഹനവുമായി ഹാജരാക്കേണ്ടത്. പുതിയ നിർദ്ദേശത്തോടെ ഈ ബുദ്ധിമുട്ടിന് ഒരു പരിധിവരെ പരിഹരിഹാരമാകുമെന്നാണ് ഓട്ടോ തൊഴിലാളികളുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.