മലപ്പുറം: കാട്ടുമരങ്ങളുടെ കമ്പുകളിൽ വലിച്ചുകെട്ടിയ കീറിയ പ്ലാസ്റ്റിക് ഷീറ്റുകൾക്ക് താഴെ പൊള്ളുന്ന ചൂടിൽ രാപ്പകലുകൾ ഉഷ്ണിച്ച് കഴിയുന്ന കുട്ടികളും സ്ത്രീകളുമടങ്ങുന്നവർ. മണ്ണ് മെഴുകിയ തറ വെയിലേറ്റ് പഴുത്തു തുടങ്ങിയാൽ ചെരിപ്പില്ലാതെ നിലത്ത് ചവിട്ടാനാവില്ല. കാൽപാദത്തിനടിയിൽ ഉഷ്ണം തിളക്കുന്ന പകലുകൾ. വീടെന്ന് പറയാൻപോലും പറ്റാത്ത ഷീറ്റ് മറകൾക്കുള്ളിൽ ജീവിതത്തിെൻറ സമ്പാദ്യമെല്ലാം അടുക്കിപ്പെറുക്കി വെച്ചിരിക്കുന്നു. വിറക് കൂട്ടിയ അടുപ്പുകളിൽ കഞ്ഞിക്കലങ്ങൾ പുകഞ്ഞ് കത്തുന്നുണ്ട്. വിളറിയ കുഞ്ഞുങ്ങളെ ഒക്കത്തിരുത്തി അങ്ങിങ്ങായി ചിതറി തെറിച്ച് നിൽക്കുന്ന സ്ത്രീകൾ.
കഷ്ടിച്ച് ഒരാൾക്ക് കുനിഞ്ഞ് കടക്കാൻ മാത്രം ഉയരമുള്ള കൂരകൾ. ചുറ്റും ചുടു കാറ്റ് വീശുന്ന മരങ്ങൾ. ഉണങ്ങി മെലിഞ്ഞ കാട്. കാട്ടു മൃഗങ്ങൾക്കും അധികൃതരുടെ അവഗണനക്കുമിടയിൽ ജീവിതത്തിെൻറ രണ്ടറ്റം കഴിച്ചു കൂട്ടേണ്ടി വരുന്ന 28 കുടുംബങ്ങൾ... നിലമ്പൂർ നെടുങ്കയം വനത്തിലെ മുണ്ടക്കടവ് കോളനിയിലെ കാട്ടുനായ്ക്കർ വിഭാഗത്തിൽ പെട്ട ആദിവാസികൾ രണ്ടു വർഷമായി വേനലും വർഷവും കഴിച്ചു കൂട്ടുന്ന വട്ടിക്കല്ല് കോളനിയിലെ ദുരിത കാഴ്ചയാണിത്. 2019ലെ പ്രളയത്തിലാണ് കോളനിയിൽ വെള്ളം കയറി വീടുകൾ വാസയോഗ്യമല്ലാതായത്. പ്രളയ ജലം വന്ന് ജീവിതം മൂടിയപ്പോൾ നെടുങ്കയം പണിയ വിഭാഗം കഴിയുന്ന കോളനിയിലെ ട്രൈബൽ സ്കൂൾ കെട്ടിടത്തിലൊരുക്കിയ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു താൽക്കാലിക വാസം.
അവിടെ ദുരിതം തിന്ന് കഴിഞ്ഞവർ അധികൃതരും സുമനുസകളും നൽകിയ ഷീറ്റുകളും വസ്ത്രങ്ങളുമായി കോളനി മൂപ്പൻ കണ്ണെൻറ നേതൃത്വത്തിൽ ഒരു വെളുപ്പാൻ കാലത്ത് കാടു കയറുകയായിരുന്നു. നെടുങ്കയം പാലത്തിൽ നിന്ന് മാഞ്ചീരിയിേലക്കുള്ള വഴിയിൽ ഏതാണ്ട് രണ്ട് കി. മീറ്റർ കാട്ടിനുള്ളിലൂടെ സഞ്ചരിച്ചാൽ കണ്ണനും സംഘവും കഴിയുന്ന കുഞ്ഞു ഷീറ്റ് മറകൾ കാണാം. അവർ താമസിക്കുന്ന സ്ഥലം അളന്നു തിരിച്ച് കുറ്റിയടിച്ചതല്ലാതെ ഇതുവരെ ഒന്നും നടന്നിട്ടില്ല. ചെറുപുഴയിൽ നിന്ന് മോട്ടോറുപയോഗിച്ച് പൊലീസുകാർ വെള്ളമെത്തിച്ചു കൊടുക്കുന്നുണ്ട്. വേനലായതോടെ വെള്ളവും കഷ്ടിയായി. വൈദ്യുതിയില്ലാത്തുകൊണ്ട് രാത്രിയായാൽ ഇരുട്ടാണ്. ദോഷം പറയരുതല്ലോ, തെരഞ്ഞെടുപ്പായതോടെ ബുധനാഴ്ച വൈകിട്ട് ഒരു സോളാർ പാനൽ അധികൃതർ കൊണ്ടുവന്ന് സ്ഥാപിച്ചിട്ടുണ്ട്.
പ്രളയ ജലമിറങ്ങി നാളേറെയായി. ദുരിതാശ്വാസയിനത്തിൽ കോടികൾ ചെലവഴിച്ചു എന്നാണ് സർക്കാർ കണക്ക്. എന്നാൽ കാടിെൻറ മക്കൾക്ക് അതൊന്നും എത്തിയിട്ടില്ല. കോവിഡ് മഹാമാരി കൂടി വന്നതോടെ ഉള്ള കൂലിപ്പണി മുടങ്ങി. സർക്കാർ നൽകുന്ന റേഷനാണ് ജീവൻ നിലനിർത്തുന്നത്. അത് കിട്ടണമെങ്കിൽ നാല് കി.മീറ്റർ ദൂരെയുള്ള വാരിക്കൽ എന്ന സ്ഥലത്തെത്തണം. സാധനങ്ങൾ ജീപ്പിൽ വീട്ടിലെത്തിക്കാൻ ചുരുങ്ങിയത് 600 രൂപയെങ്കിലുമാവുമെന്ന് കണ്ണൻ പറയുന്നു. തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു എന്നല്ലാതെ സ്ഥാനാർഥിയാരെന്ന് പോലും ഇവർക്കറിയില്ല.
ഒരു മുന്നണിയുടെയും സ്ഥാനാർഥികൾ ആ വഴിക്ക് ഇതുവരെ പോയിട്ടുമില്ല. കാട്ടു മൃഗങ്ങളെ പേടിക്കാതെ കുഞ്ഞുങ്ങളുമായി ചുരുണ്ടി കൂടി കിടക്കാൻ ഒരു വീട്. അത് തരാൻ സാറമ്മാർ കനിയണമെന്ന് മാത്രമാണ് കോളനിവാസികളായ മിനി, ആതിര, ദിവ്യ എന്നിവരടങ്ങുന്ന വീട്ടമ്മാർക്ക് തൊഴുകൈകളോടെ പറയാനുള്ളത്. ഇവിടെ മാത്രമല്ല മുണ്ടേരി വനത്തിലെ ഇരുട്ടു കുത്തി, വാണിയമ്പുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ എന്നീ കോളനികളിലുള്ളവരെയും പുനരധിവസിപ്പിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.