മലപ്പുറം: നിർദേശങ്ങളും മുന്നറിയിപ്പുകളും നിരവധിതവണ നൽകിയിട്ടും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്കൂൾ വാഹനങ്ങൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. അധ്യയനവർഷം ആരംഭിക്കുന്നതിന് മുമ്പുതന്നെ ഇക്കുറി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൃത്യമായ ബോധവത്കരണങ്ങളും പരിശോധനകളും മുന്നറിയിപ്പുകളും നൽകിയിരുന്നു. എന്നിട്ടും നിയമലംഘനങ്ങൾ ആവർത്തിച്ചതോടെയാണ് അധികൃതർ നടപടി സ്വീകരിക്കുന്നത്. നിരത്തുകളിലെ പരിശോധനകൾക്ക് പുറമെ സ്കൂളിലും ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിൽ 15 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി വെള്ളിയാഴ്ചയും സ്കൂൾ വാഹനങ്ങളിൽ പരിശോധന നടത്തി. 300 വണ്ടികൾ പരിശോധിച്ചതിൽ വാതിൽ ദ്രവിച്ചതും വേഗപൂട്ട് ഒഴിവാക്കിയതുമായ മലപ്പുറത്തെ ഒരു സ്കൂൾ വാഹനത്തിന്റെയും ബ്രേക്ക് ഉൾപ്പെടെയുള്ളതിൽ അപാകത കണ്ടെത്തിയ തിരൂരങ്ങാടിയിലെ ഒരു സ്കൂൾ വാഹനത്തിന്റെയും ഫിറ്റ്നസ് റദ്ദാക്കി.
ഫിറ്റ്നസ് ഇല്ലാത്ത കുട്ടികളെ കൊണ്ടുപോയ രണ്ട് സ്കൂൾ ബസിനെതിരെയും വേഗപൂട്ട് ഇല്ലാത്ത 13, പെർമിറ്റില്ലാത്ത അഞ്ച്, ഇൻഷുറൻസ് ഇല്ലാത്ത രണ്ട്, ബ്രേക്ക് ലൈറ്റ്, ഇന്‍ഡിക്കേറ്റർ, ജി.പി.എസ് ഇല്ലാത്തത് ഉൾപ്പെടെ 26 സ്കൂൾ വാഹനങ്ങൾക്കെതിരെ കേസെടുത്തു. സ്വകാര്യ വാഹനത്തിൽ കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോയ വാഹനത്തിനെതിരെയും നടപടി സ്വീകരിച്ചു.
കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിൽ അപാകത കണ്ടെത്തിയ സ്കൂൾ ബസിന്റെ വാഹന ഉടമ എന്ന നിലയിൽ പ്രധാനാധ്യാപകർക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാൻ കലക്ടർക്ക് ശിപാർശ ചെയ്തിട്ടുണ്ട്.
ആർ.ടി.ഒ സി.വി.എം. ഷരീഫിന്റെ നിർദേശപ്രകാരം മലപ്പുറം ആർ.ടി.ഒ ഓഫിസ്, തിരൂർ, തിരൂരങ്ങാടി, കൊണ്ടോട്ടി, പെരിന്തൽമണ്ണ, പൊന്നാനി, നിലമ്പൂർ എന്നീ സബ് ഓഫിസുകളിലെയും എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. എൻഫോഴ്സ്മെന്റ് എം.വി.ഐ പി.കെ. മുഹമ്മദ് ഷഫീഖ്, എ.എം.വി.ഐ കെ.ആർ. ഹരിലാൽ എന്നിവരുടെ നേതൃത്വത്തിലാണ് മലപ്പുറത്ത് സ്കൂളുകളിലെത്തി സ്കൂൾ വാഹനങ്ങൾ പരിശോധിച്ചത്.
സ്കൂൾ ബസുകളിൽ പരിശോധന തുടരും -ആർ.ടി.ഒ
മലപ്പുറം: 2500ഓളം സ്കൂൾ ബസുകളുള്ള മലപ്പുറം ജില്ലയിൽ ബസുകളുടെ പരിശോധന തുടർന്നും കർശനമായി നടത്തുമെന്ന് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ സി.വി.എം. ഷരീഫ് പറഞ്ഞു. ഗുരുതര നിയമലംഘനം നടത്തുന്ന സ്കൂൾ വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നിയമപ്രകാരം നടപടി സ്വീകരിക്കുന്നതിനുപുറമെ ദുരന്ത നിവാരണ നിയമപ്രകാരം വാഹന ഉടമയായ സ്കൂൾ മേലാധികാരികൾക്കെതിരെ നടപടി സ്വീകരിക്കാൻ കലക്ടർക്കും ശിപാർശ ചെയ്യും. സ്കൂളുകളിലേക്ക് കുട്ടികളുമായി വരുന്ന മറ്റു വാഹനങ്ങൾ സ്കൂളിലെ ട്രാൻസ്പോർട്ട് ഫെസിലിറ്റേഷൻ കമ്മിറ്റി നിരീക്ഷണം നടത്തേണ്ടതും കുട്ടികളെ കുത്തിനിറച്ചുവരുന്ന വാഹനങ്ങൾ മറ്റ് നിയമലംഘനം നടത്തുന്ന വാഹനങ്ങൾ എന്നിവക്കെതിരെയും നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ആർ.ടി ഓഫിസിൽ അറിയിക്കണമെന്നും ആർ.ടി.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.