തൃത്താല: മണ്ഡലത്തിലെ നാഗലശ്ശേരിയില് തുടങ്ങുന്ന ഗവ. ഐ.ടി.ഐക്ക് മന്ത്രിസഭ അനുമതി നൽകിയതായി മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ഇതിനായി നേരത്തെ തന്നെ നാഗലശ്ശേരി പഞ്ചായത്ത് സ്ഥലം കണ്ടെത്തിയിരുന്നു. താൽക്കാലിക ക്ലാസുകൾ ആരംഭിക്കാൻ അനുയോജ്യമായ സ്ഥലം ഉടൻ കണ്ടെത്തും. അഡിറ്റിവ് മാനുഫാക്ചറിങ് ടെക്നീഷ്യൻ (3ഡി പ്രിന്റിങ്), കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഇൻഫർമേഷൻ ടെക്നോളജി എന്നിങ്ങനെ നാല് കോഴ്സുകളാണ് തുടക്കത്തിൽ ആരംഭിക്കുക. ഏറ്റവും ആധുനികവും മികച്ചതുമായ കോഴ്സുകളാണ് ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി തൃത്താലയുടെ വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. എല്ലാ ഗവ. സ്കൂളുകളിലും കിഫ്ബി കെട്ടിടങ്ങൾ പൂർത്തിയാവുകയോ നിർമാണം അന്തിമ ഘട്ടത്തിലോ ആണ്. മണ്ഡലത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾക്ക് മാത്രമായി 47.50 കോടിയാണ് കിഫ്ബിയിലൂടെയും പ്ലാൻ ഫണ്ടിലൂടെയും എം.എൽ.എ ഫണ്ടിലൂടെയുമായി ലഭ്യമാക്കിയത്.
തൃത്താലയിൽ നഴ്സിങ് കോളജ് ആരംഭിക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയായി. തൃത്താല ഗവ. കോളജിലെ കെട്ടിടങ്ങളുടെ നിർമാണവും പൂർത്തീകരിച്ചു. സ്കൂൾ ബസുകൾക്കും ലാബ്, ഫർണിച്ചർ എന്നിവക്കെല്ലാമായി 2.17 കോടി വേറെയും ചെലവഴിച്ചു. ഇതിനെല്ലാം പുറമെയാണ് ഇപ്പോൾ സംസ്ഥാന സർക്കാറിന്റെ ഓണസമ്മാനമായി സർക്കാർ ഐ.ടി.ഐ അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.