പാലക്കാട്: ശകുന്തള ജങ്ഷനിലെ ജി.ബി റോഡിലെ യന്ത്രപ്പടി നിർമാണവുമായി ബന്ധപ്പെട്ട് ഓഡിറ്റ് റിപ്പോർട്ടിൽ പാലക്കാട് നഗരസഭക്ക് രൂക്ഷവിമർശനം. വീഴ്ചകൾ ഓരോന്ന് എണ്ണിയെണ്ണി പറഞ്ഞു റിപ്പോർട്ടിലുണ്ട്. പല തുടർനടപടികളും നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാവാത്തതിനെപ്പറ്റിയും രൂക്ഷ പരാമർശങ്ങളുണ്ട്. കിറ്റ്കോ ആവശ്യമായ പഠനങ്ങൾ നടത്താതെ ഡി.പി.ആർ തയാറാക്കി നൽകിയതിനാൽ പ്രവൃത്തിയുടെ എസ്റ്റിമേറ്റ്, ഭരണ-സാങ്കേതിക അനുമതി എന്നിവ പുതുക്കേണ്ടിവരുകയും പ്രോജക്ട് വൈകാൻ കാരണമാകുകയും ചെയ്തു. ഇതുസംബന്ധിച്ച് കിറ്റ്കോവിനെ അറിയിക്കുകയോ തുടർനടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
പാലക്കാട് സതേൺ റെയിൽവേ സീനിയർ ഡിവിഷനൽ ഇലക്ട്രിക്കൽ എൻജിനീയറുടെ കത്ത് പ്രകാരം ഇലക്ട്രിസിറ്റി കണക്ഷൻ നഗരസഭ എടുത്ത് നൽകണമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും തുടർനടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജി.എസ്.ടി നിരക്കുകൾ റിവൈസ് ചെയ്തതിനാൽ 7,07,808 രൂപ അധികമായി അടക്കണമെന്ന് അറിയിച്ചുകൊണ്ട് നൽകിയ കത്തിന്മേൽ തുടർനടപടി സ്വീകരിച്ചിട്ടില്ല.
എസ്കലേറ്റർ പ്രവർത്തിക്കുന്നതിന് ആവശ്യമായ വൈദ്യുതി ചാർജ് നഗരസഭ വഹിക്കേണ്ടി വരുന്നതിനാൽ ഈയിനത്തിൽ ഭാവിയിൽ ഉണ്ടാകാവുന്ന പ്രതീക്ഷിത ചെലവ് കണക്കാക്കിയതിന്റെ വിവരങ്ങളോ ആയതിനുള്ള ഫണ്ട് എപ്രകാരം വകയിരുത്തണമെന്ന റിപ്പോർട്ടോ ഫയലിൽ ഇല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പാലക്കാട് നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 2018ൽ ആറുകോടിയോളം രൂപ ചെലവിലാണ് ജി.ബി റോഡിൽ യന്ത്രപ്പടി സ്ഥാപിക്കാൻ ആരംഭിച്ചത്.
2024 ഫെബ്രുവരിയായിട്ടും ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടില്ല. പൊതുസ്ഥലത്ത് ഇത്തരത്തിലുള്ള യന്ത്രപ്പടി പദ്ധതി വളരെ ചുരുക്കമാണ്. റെയിൽവേയാണ് പദ്ധതിയുടെ നിർവഹണ ഏജൻസി. ആദ്യം തയാറാക്കിയ രൂപരേഖ ഉൾപ്പെടെ മാറ്റേണ്ടിവന്നതടക്കം ഒട്ടേറെ പ്രതിസന്ധികൾ മറികടന്നാണ് പദ്ധതി പൂർത്തീകരണ ഘട്ടത്തിലെത്തിയത്. ജി.ബി റോഡിൽ റെയിൽവേ ഗേറ്റ് സ്ഥിരമായി അടച്ചതിനുപകരമായാണ് യന്ത്രപ്പടി സ്ഥാപിക്കുന്നത്. നിലവിൽ ഇവിടെയുള്ള നടപ്പാലം കയറിയിറങ്ങിയാണ് യാത്രക്കാർ സഞ്ചരിക്കുന്നത്.
ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശങ്ങൾ ശ്രദ്ധയിൽപെട്ടിട്ടില്ല. ഇലക്ട്രിക്കൽ ഇൻസ്പെറ്റേഴ്സിന്റെ സർട്ടിഫിക്കറ്റുകൂടി കിട്ടാനുണ്ട്. ഇതിനുവേണ്ടി വകുപ്പ് മന്ത്രിയെ കണ്ട് സംസാരിച്ചെന്നും സർട്ടിഫിക്കറ്റ് ലഭിച്ചാലുടൻ ഉദ്ഘാടനം നടത്തുമെന്നും മുനിസിപ്പൽ ചെയർപേഴ്സൻ പ്രമീള ശശിധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.