കാഞ്ഞിരപ്പുഴ: നിരാലംബർക്ക് വീടൊരുക്കാൻ കൈത്താങ്ങ് നൽകി വിദ്യാലയത്തിന്റെ പടിയിറങ്ങുകയാണ് രണ്ട് അധ്യാപികമാർ. ഈ വർഷം ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ ജോളി ജോസഫ്, അധ്യാപിക പി.കെ. വിലാസിനി എന്നിവർ സംഭാവന നൽകിയ അവസാന മാസ ശമ്പളം ഉപയോഗപ്പെടുത്തിയാണ് സ്നേഹവീടിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ നിർമിക്കുന്ന നാലാമത്തെ സ്നേഹഭവനത്തിന്റെ കട്ടിലവെപ്പ് വിരമിക്കുന്ന രണ്ട് അധ്യാപികമാരും വിദ്യാർഥികളും ചേർന്ന് നിർവഹിച്ചു.
സ്കൂളിലെ എൻ.എസ്.എസ്, സ്റ്റുഡന്റ് പൊലീസ് കാഡറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂനിറ്റിലെ വിദ്യാർഥികൾ എന്നിവർ സംയുക്തമായാണ് ഓരോ വർഷവും ഏറ്റവും അർഹരായ ഒരു കുടുംബത്തിന് സ്നേഹഭവനം നിർമിച്ചുനൽകുന്നത്. അകാലത്തിൽ പിതാവ് നഷ്ടപ്പെട്ട കുട്ടികൾക്കാണ് വീടൊരുക്കുന്നത്.ബാക്കി തുക സ്കൂൾ ക്ലബുകളുടെ വിവിധ പ്രവർത്തനങ്ങളിലൂടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സുമനസ്സുകളുടെയും സംഭാവന വഴിയും കണ്ടെത്തും.
പി.ടി.എ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ടി. ഓമനക്കുട്ടൻ, പി.ടി.എ ഭാരവാഹികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. കൂടൊരുക്കൽ പദ്ധതി ഭാരവാഹികളായ അധ്യാപകർ എസ്. സനൽകുമാർ, മൈക്കിൾ ജോസഫ്, ദിവ്യ അച്യുതൻ, മഞ്ജു പി. ജോയ്, ടി. രാധിക എന്നിവരും വിദ്യാർഥികളായ അഖിൽ, കെ.ആർ. സിദ്ധാർഥ്, വൈഷ്ണവ് എം. ജിജു, അഖില രാധാകൃഷ്ണൻ, നേഹ ജോയ്, ഭവ്യ കൃഷ്ണ എന്നിവരുമാണ് നിർമാണത്തിന് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.