പാലക്കാട്: നഗരസഭ സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ കിഴക്കുവശത്തെ ട്രാക്കുകളിലെ മേൽക്കൂര നിർമാണം ഫയലിൽ ഒതുങ്ങുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ. വെയിലും മഴയും കൊള്ളേണ്ട ഗതികേടിലാണ് യാത്രക്കാരും ബസ് ജീവനക്കാരും. 2010 ലാണ് കിഴക്കുവശത്തെ ട്രാക്കുകളിൽ മേൽക്കൂര നിർമാണത്തിന് പദ്ധതിയിട്ടത്. ആദ്യ കാലങ്ങളിൽ ഈ ട്രാക്കുകളിൽ ബസുകൾ നിർത്തിയിരുന്നില്ല. എന്നാൽ, ഇപ്പോൾ തൃശൂർ ബസുകളും കോട്ടായി, പെരിങ്ങോട്ടുകുറുശ്ശി, പഴയന്നൂർ, നെന്മാറ ബസുകളുമാണ് ഇവിടെ നിർത്തുന്നത്.
വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തൃശൂർ ബസുകൾ സ്റ്റേഡിയം സ്റ്റാൻഡിലേക്ക് മാറ്റിയതെങ്കിലും അതോടെ മേൽക്കൂര നിർമിക്കാൻ ഭരണകൂടം തയാറായി. പദ്ധതിക്കുവേണ്ടി അളവെടുപ്പ് നടത്തി എസ്റ്റിമേറ്റും ഒരുക്കി. എന്നാൽ നാളുകൾ കഴിഞ്ഞതോടെ എല്ലാം ഫയലുകളിലായി.
സ്കൂൾ സമയങ്ങളിൽ നിരവധി വിദ്യാർഥികളാണ് ബസ് പുറപ്പെടുന്നതുവരെ വെയിലത്തും മഴയത്തും നിൽക്കുന്നത്. ഷീറ്റില്ലാത്തതിനാൽ മഴക്കാലത്ത് കെട്ടിടത്തിന്റെ മുകളിൽനിന്ന് പൈപ്പുകൾ വഴിയുള്ള വെള്ളം കുത്തനെ താഴേക്ക് പതിക്കുന്നതിനാൽ നടപ്പാതകളും ബസുകൾ നിർത്തിയിടുന്നിടവുമെല്ലാം ചളിമയമാണ്.
നിലവിൽ പതിനഞ്ചോളം ബസുകളാണ് നിർത്തിയിടുന്നത്. നഗരത്തിൽ തന്നെ ഏറെ തിരക്കും നഗരസഭക്ക് വരുമാനവുമുള്ള ബസ് സ്റ്റാൻഡുകളിലൊന്നാണിത്. ഇരുവശങ്ങളിലുമായി നാൽപതോളം വ്യാപാര സ്ഥാപനങ്ങളും നൂറുക്കണക്കിന് ബസുകളും ആയിരക്കണക്കിന് യാത്രക്കാരും വന്നുപോകുന്ന സ്റ്റാൻഡിന്റെ കിഴക്കുവശത്ത് മേൽക്കൂര നിർമിക്കണമെന്നാണ് വ്യാപാരികളുടെയും ജീവനക്കാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.