ഷൊർണൂർ: രാജ്യത്തെ എണ്ണപ്പെട്ട തിയറ്റർ നാടക സമിതികളിലൊന്നായ ഷൊർണൂർ ചുഢുവാലത്തൂരിലെ ജനഭേരി സാംസ്കാരിക നിലയം അതിജീവനത്തിനായി കൃഷിയിലേക്കിറങ്ങി.
ഏറെ പ്രശംസ നേടിയ കുറത്തി, രസ എന്നീ നാടകങ്ങൾക്കുശേഷം കോവിഡിെൻറ പാശ്ചാത്തലത്തിൽ, നാടക സമിതി അടഞ്ഞുകിടക്കുകയാണ്. ഇനി എന്ന് തുറക്കാനാവുന്ന് പ്രതീക്ഷിക്കാനുമാവില്ല. ഈ സാഹചര്യത്തിലാണ് നിലനിൽപിനായി കൃഷിയിലേക്കും അനുബന്ധ തൊഴിലുകളിലേക്കും കലാകാരന്മാർ തിരിഞ്ഞത്.
സംസ്ഥാനത്ത് ഇതുവരെയില്ലാത്ത ബട്ടൺ കൂൺ കൃഷിയിലേക്കാണ് കലാകാരന്മാർ ആദ്യം കൈ വെച്ചത്. ഇവിടുത്തെ കാലാവസ്ഥ ബട്ടൺ കൂൺകൃഷിക്ക് യോജിച്ചതല്ല. ഇതിനാൽ സാംസ്കാരിക കേന്ദ്രത്തിന് പിറകിൽ പ്രത്യേകം ഷെഡുണ്ടാക്കി, എയർ കണ്ടീഷണറുപയോഗിച്ച് ശീതീകരിച്ചാണ് കൃഷി ആരംഭിച്ചത്.
ആദ്യ വിളവെടുപ്പ് ആഗസ്റ്റ് ഒമ്പതിന് നടന്നു. 3000 ബഡ്ഡുകളുള്ള ഒരു യൂനിറ്റിൽ നിന്നാണ് വിപണനത്തിന് തയാറായ കൂൺ ഉൽപാദിപ്പിച്ചത്. പ്രതിദിനം 50 കിലോ കൂൺ ലഭിക്കും. ഇങ്ങിനെ ഒരു യൂനിറ്റിൽ നിന്നും വിളവെടുപ്പ് കാലാവധിയായ 20 ദിവസത്തിനുള്ളിൽ 600 കിലോ ലഭിക്കുമെന്നാണ് പ്രതീക്ഷ.
രണ്ടുമാസത്തിനുള്ളിൽ അഞ്ച് യൂനിറ്റ് തയാറാക്കുകയാണ് ലക്ഷ്യം. അതിനാൽ എല്ലാ ദിവസവും മുടങ്ങാതെ കൂൺ കിട്ടും. 200 ഗ്രാമിെൻറ പാക്കറ്റിന് 60 രൂപയാണ് വില. കലാകാരന്മാർ നേരിട്ട് തന്നെ കടകളിലും മറ്റും എത്തിക്കുന്ന സംവിധാനമാണുള്ളത്.
സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയ സംരംഭം വിജയപാതയിലെത്തിച്ച് അനുബന്ധമായി മറ്റ് മേഖലകളിലേക്ക് കടക്കാനാണ് പദ്ധതിയെന്ന് ജനഭേരി അസി. ഡയറക്ടർ അഭിമന്യു പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ തിയറ്റർ മഹോത്സവമായ 'ഭാരത് രംഗി'ൽ രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ട നാടകം അവതരിപ്പിച്ചിട്ടുണ്ട് ജനഭേരി.
രാജ്യത്തെ പ്രമുഖ സ്റ്റേജുകളിലും നാടകം അവതരിപ്പിച്ചിട്ടുമുണ്ട്. 15 ലക്ഷം രൂപ ചെലവിൽ നിർമിച്ചവതരിപ്പിച്ച 'കുറത്തി' നാടകം തിയറ്റർ രംഗത്ത് ചരിത്രംകുറിച്ചു. കഥകളിയും സോദാഹരണ ക്ലാസുകളും നാടക കളരിയുമൊക്കെയുള്ള ജനഭേരി പ്രവർത്തകർ അതിജീവന പോരാട്ടത്തിലാണ്, മഹാമാരി മാറി കളിയരങ്ങുകൾ തിരിച്ചുവരുമെന്ന ശുഭപ്രതീക്ഷയോടെ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.