ഷൊർണൂർ: ജില്ല ശാസ്ത്രോത്സവം ആദ്യ ദിനം പിന്നിടുമ്പോൾ ഉപജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 314 പോയന്റുമായി പാലക്കാട് ഉപജില്ലയാണ് മുന്നിൽ. 307 പോയിന്റുമായി തൃത്താല ഉപജില്ല തൊട്ട് പിറകിലുണ്ട്. ശക്തമായ മത്സരം കാഴ്ചവെച്ച് 297 പോയന്റ് നേടി ഒറ്റപ്പാലം, മണ്ണാർക്കാട് ഉപജില്ലകൾ മൂന്നാം സ്ഥാനത്തുണ്ട്.
സ്കൂൾ തലത്തിൽ വാണിയംകുളം ടി.ആർ.കെ.എച്ച്.എസ്.എസ്. 116 പോയിന്റ് നേടി ഒന്നാം സ്ഥാനത്താണ്. 92 പോയന്റുകൾ വീതം നേടി കുമരംപുത്തൂർ കെ.എച്ച്.എസും, കടമ്പൂർ ജി.എച്ച്.എസ്.എസും രണ്ടാം സ്ഥാനത്തുണ്ട്. 75 പോയിന്റുമായി മേഴത്തൂർ ജി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്താണ്.
ഷൊർണൂർ: പതിറ്റാണ്ടുകൾ നീണ്ട എണ്ണമറ്റ പരീക്ഷണങ്ങളാണ് ശാസ്ത്രലോകത്ത് ഇന്ത്യയെ നെറുകിലെത്തിച്ചതിന് നിദാനമായതെന്ന് വി.കെ.ശ്രീകണ്ഠൻ എം.പി. ഗ്രാമീണ മേഖലയിലെ വിദ്യാർഥികളെ ശാസ്ത്രലോകത്തേക്ക് ബന്ധിപ്പിക്കുന്നത് സ്കൂൾ ശാസ്ത്രോത്സവങ്ങളാണെന്നും ജില്ല ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യവെഎം.പിപറഞ്ഞു.
ഷൊർണൂർ നഗരസഭ ചെയർമാൻ എം.കെ.ജയപ്രകാശ് അധ്യക്ഷത വഹിച്ചു.നഗരസഭാംഗം ഹസീന അശ്റഫ്, ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.വി. മനോജ് കുമാർ, കെ.ജയപ്രകാശ്, കെ.എൻ.കൃഷ്ണകുമാർ, എം.എൻ.വിനോദ്, എ.ജെ.ശ്രീനി, ഹമീദ് കൊമ്പത്ത്, അബ്ബാസ് കളത്തിൽ, എം.ഗീത എന്നിവർ സംസാരിച്ചു.
വണ്ടിയോടിക്കുമ്പോൾ ഉറങ്ങിപ്പോകുമെന്ന ഭയം ഇനി വേണ്ട. കണ്ണൊന്നടച്ചാൽ വിളിച്ചുണർത്താൻ അലാറം റെഡി. മണ്ണാർക്കാട് എം.ഇ.എസ് എച്ച്.എസ്.എസിലെ പി. മിഷാലും കെ.വി. റോഷനുമാണ് യാത്രികർക്ക് ഏറെ ഉപകാരപ്രദമായ കണ്ടു പിടുത്തവുമായി മേളയിലെത്തിയത്. വണ്ടിയോടിക്കുമ്പോൾ 2 സെക്കന്റ് കണ്ണടഞ്ഞാൽ മതി. തിരിച്ചറിഞ്ഞ സെൻസർ അലാറം പ്രവർത്തിപ്പിക്കും. എന്നിട്ടും ഡ്രൈവർ ഉണർന്നില്ലെങ്കിൽ മൂന്ന് സെക്കന്റ് കഴിഞ്ഞാൽ വാഹനം ഓട്ടോമാറ്റിക്കായി ഓഫാകും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഇത്തരം സന്ദർഭങ്ങളിൽ വാഹനം റോഡിനരികിലേക്കാക്കി പാർക്ക് ചെയ്യുകയും എസ്.ഒ.എസ് സന്ദേശം നൽകി വൈദ്യസഹായമുൾപ്പെടെ എത്തിക്കാനുള്ള സംവിധാനം ഒരുക്കാനുമുള്ള പരിശ്രമത്തിലാണ് ഇരുവരും.
പ്ലാസ്റ്റിക്ക് മാലിന്യം തലവേദനയാവുമ്പോൾ അതിൽ നിന്ന് വൈദ്യുതിയുണ്ടാക്കാമെന്ന് പറയുകയാണ് വണ്ടിത്താവളം കെ.കെ.എം.എച്ച്.എസ്.എസിലെ എസ്.ഷിനയും എസ്.അപ്സരയും. മാലിന്യം കത്തിക്കുമ്പോൾ ഉണ്ടാവുന്ന താപം തെർമൽ ഫോട്ടോ വോൾട്ടിക്ക് എന്ന ഉപകരണം ഉപയോഗിച്ച് വൈദ്യുതിയാക്കുകയും കത്തുമ്പോഴുണ്ടാവുന്ന പുക വെള്ളത്തിലൂടെ കടത്തിവിടുന്നതുമൂലം കുറഞ്ഞ വായു മലിനീകരണം മാത്രമാണുണ്ടാവുന്നതെന്നും ഇവർ പറയുന്നു.
പ്രളയത്തെ നേരിടാം സൈക്കിളിലേറി
പ്രളയത്തെ നേരിടാനും രക്ഷാപ്രവർത്തനത്തിനും ഉപയോഗിക്കാവുന്ന മൾട്ടി പർപ്പസ് സൈക്കിൾ നിർമിച്ച് വിദ്യാർഥികൾ. കുറഞ്ഞ ചിലവിൽ വെള്ളത്തിലും കരയിലും ഉപയോഗിക്കാവുന്ന സൈക്കിളാണിത്. സാധാരണ സൈക്കിൾ പോലെ കരയിൽ ഉപയോഗിക്കാൻ സാധിക്കുമ്പോൾ കൂടുതലായി ഫിറ്റ് ചെയ്തിരിക്കുന്ന പ്രൊപ്പല്ലറുകളുപയോഗിച്ച് വെള്ളത്തിലും സഞ്ചരിക്കാനാവും.
കാറ്റ് നിറച്ച ഫൈബർ പൈപ്പുകളാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഒലവക്കോട് എം.ഇ.എസ് എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് റാസിയും മുഹമ്മദ് ഹിഷാമുമാണ് വാട്ടർ സൈക്കിൾ അവതരിപ്പിച്ചത്.
മലയോര ഗ്രാമങ്ങളിലെ കർഷകരുടെ പ്രധാന പ്രശ്നമാണ് വിള നശിപ്പിക്കാനെത്തുന്ന വന്യമൃഗങ്ങൾ. നെന്മാറ അയിലൂർ എസ്.എം.എച്ച്.എസിലെ അഡ്രിനോയും സാമുവലും തങ്ങളുടെ കർഷകരായ മാതാപിതാക്കളെയും നാട്ടുകാരെയും നിരന്തരം അലട്ടുന്ന പ്രശ്നത്തിന് പരിഹാരവുമായാണ് മേളയിലെത്തിയത്.
കൃഷിയിടത്തിൽ മൃഗങ്ങളെത്തിയാൽ തിരിച്ചറിയുകയും ഭയപ്പെടുത്തുന്നതിന് അവക്ക് ഭയമുള്ള മൃഗങ്ങളുടെ ശബ്ദം ഉച്ചത്തിൽ കേൾപ്പിക്കുകയും ചെയ്യും. ഇതോടെ കൃഷിയിടത്തിൽനിന്ന് ഇവ പിന്തിരിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.